പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിയ്ക്കെതിരെ കൊലവിളി പ്രസംഗവുമായി ശ്രീരാമസേന നേതാവ്

Saturday 22 February 2020 7:32 PM IST

ബംഗലൂരു: കർണാടകയിൽ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണയ്ക്കെതിരെ കൊലവിളി പ്രസംഗവുമായി ശ്രീരാമസേന നേതാവ്. അമൂല്യയെ കൊല്ലണമെന്നും അങ്ങനെ ചെയ്യുന്നവർക്ക് 10 ലക്ഷം ഇനാം നല്‍കുമെന്നും ശ്രീരാമസേന നേതാവ് സഞ്ജീവ് മറാദിയാണ് കൊലവിളി നടത്തിയത്. രാജ്യവിരുദ്ധ പ്രവർത്തനം കാൻസർ പോലെ പടർന്നുപിടിക്കുകയാണെന്നും ഇത്തരക്കാരെ കൊല്ലുകയാണ് പരിഹാരമെന്നും സഞ്ജീവ് പ്രകോപനപരമായ പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച പെൺകുട്ടിക്ക് ജാമ്യം നൽകരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും സഞ്ജീവ് പറഞ്ഞു. ബെല്ലാരിയിലെ ശ്രീരാമസേനയുടെ പരിപാടിക്കിടെയായിരുന്നു ഇയാളുടെ കൊലവിളി. ബെംഗലുരു ഫ്രീഡം പാർക്കിൽ നടന്ന സി..എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് പാക്കിസ്ഥാന്‍ സിന്ദാബാദ് വിളിച്ച 19കാരി അമൂല്യ ലിയോണ വേദിയിലെത്തിയത്. അമൂല്യയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.