ബലിതർപ്പണം കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങിയ വീട്ടമ്മ ലോറി ഇടിച്ച് മരിച്ചു

Sunday 23 February 2020 12:46 AM IST

മണ്ണുത്തി: ആലുവ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് ബലിതർപ്പണം കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങിയ വീട്ടമ്മ ലോറിയിടിച്ച് മരിച്ചു.

തെക്കുംപാടം സ്വദേശി ആളൂർ സന്തോഷിന്റെ ഭാര്യ സീമയാണ് (40) മരിച്ചത്. തൃശൂർ - പാലക്കാട് ദേശീയപാതയിൽ പട്ടിക്കാട് പെട്രോൾ പമ്പിന് മുൻവശത്ത് ഇന്നലെ പുലർച്ചെ 5.30നായിരുന്നു അപകടം.

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ടോറസ് ലോറി ഇടിച്ച് റോഡിൽ വീണ സീമയുടെ ശരീരത്തിൽ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. സീമ തൽക്ഷണം മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് സന്തോഷും ഒപ്പമുണ്ടായിരുന്ന ഏകമകൾ ഗോപികയും (14) നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന അതേ ദിശയിൽ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ടോറസ് ലോറി സ്കൂട്ടറിന്റെ പിറകിൽ തട്ടുകയായിരുന്നു. സന്തോഷും ഗോപികയും മറുഭാഗത്തേക്ക് തെറിച്ചു വീണു.

ഇടിച്ച ലോറി നിറുത്താതെ പോയി. ഹൈവേ, പീച്ചി പൊലീസ് എത്തിയാണ് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി സ്കൂട്ടറിൽ പുറപ്പെട്ട ദമ്പതികൾ മകളെ മരത്താക്കരയിലെ ബന്ധുവീട്ടിൽ ആക്കിയിരുന്നു. ആലുവയിൽ നിന്ന് തിരികെ വരുമ്പോൾ മകളെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കൂടെക്കൂട്ടുകയായിരുന്നു. സീമ ഹെൽമറ്റ് ധരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കൊഴുക്കുളളി ശ്മശാനത്തിൽ സംസ്കരിച്ചു. സന്തോഷ് ആട്ടോഡ്രൈവറാണ്. സീമയ്ക്ക് ജോലിയില്ല. ഇടിച്ച ലോറിക്കായി മണ്ണുത്തി പൊലീസ് പരിശോധന നടത്തുന്നുണ്ട്. സന്തോഷിന്റെ സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനത്തിൽ വന്നിരുന്ന ബന്ധുക്കൾ, ഇടിച്ചത് ടോറസ് ലോറിയാണെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തിന് അടുത്ത് തന്നെ ഹൈവേ പൊലീസ് ഉണ്ടായിരുന്നതിനാൽ ഉടൻ രക്ഷാപ്രവർത്തനം നടത്താനായി.