കരുത്തും സൗന്ദര്യവും കോർത്തിണക്കി പുത്തൻ സ്‌പോർട്‌സ് ബൈക്ക്,​ ഹീറോ എക്‌സ്‌ട്രീം 160R

Monday 24 February 2020 5:40 AM IST

രുത്തും സൗന്ദര്യവും കോർത്തിണക്കി ഹീറോ ഒരുക്കിയ പുത്തൻ സ്‌പോർട്‌സ് ബൈക്കാണ് എക്‌സ്‌ട്രീം 160ആർ. മുൻഗാമിയായ 150 സി.സി എക്‌സ്‌ട്രീം സ്‌പോർട്‌സിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ് പുത്തൻ താരത്തിന്റെ രൂപകല്‌പന. ആകർഷണീയമായിരുന്നു എങ്കിലും 150 സി.സി മോഡൽ വിപണിയിൽ കാര്യമായ ചലനമൊന്നും സൃഷ്‌ടിച്ചിരുന്നില്ല. ഈ പോരായ്‌മ മറികടക്കുകയാണ്,​ പുത്തൻ മോഡലിന്റെ ദൗത്യം.

വേറിട്ട രൂപകല്‌‌പനാ ശൈലിയും പുതിയ ഷാസിയുമാണ് എക്‌സ്‌ട്രീം 160ആറിന്റെ അടിസ്ഥാനം. രൂപഭംഗിയുമുണ്ട്. ഉളികൊണ്ട്,​ ഷാർപ്പായി കൊത്തിവച്ചതു പോലെയുള്ള ആംഗുലാർ ലൈനുകൾ മുൻഭാഗത്തു നിന്ന്,​ സീറ്റുകളുമായി പൊരുത്തപ്പെട്ട് പിൻഭാഗം വരെ നീളുന്നു. എൽ.ഇ.ഡി ഡൈടൈം റണ്ണിംഗ് ലാമ്പുകളോട് (ഡി.ആർ.എൽ)​ കൂടിയതാണ്,​ ഫുൾ എൽ.ഇ.ഡി സജ്ജമായ ഹെഡ്‌ലൈറ്ര്. എൽ.ഇ.ഡിമയമാണ് ഇൻഡിക്കേറ്ററുകളും. കറുപ്പിൽ മുങ്ങിയിരിക്കുകയാണ് പിന്നിലെ 'എച്ച്" ആകൃതിയുള്ള ലൈറ്ര്. അതും എൽ.ഇ.ഡിയാണ്.

മുഖാവരണമിട്ട,​ സ്‌ട്രീറ്ര്‌ഫൈറ്റർ ലുക്കാണ് മുൻഭാഗത്തിന്. കോംപാക്‌റ്ര് സ്‌പോർട്ടീ എക്‌സ്‌ഹോസ്‌റ്ര്,​ ശ്രേണിയിൽ ആദ്യമായ ഇന്റഗ്രേറ്രഡ് പിലൺ ഗ്രാബ്,​ സ്‌മാർട്ട് വാച്ച് പോലെ നെഗറ്റീവ് ഡിസ്‌പ്ളേയുള്ള ഇൻസ്‌ട്രുമെന്റ് കൺസോൾ,​ സൈഡ് സ്‌റ്രാൻഡ് കട്ട് - ഓഫ് സംവിധാനം തുടങ്ങിയ മികവുകളുമുണ്ട്. സൈഡ് സ്‌റ്റാൻഡ് ഇട്ട് വണ്ടി ഓടിക്കുന്നത് ഒഴിവാക്കുന്ന 'സുരക്ഷിത" സംവിധാനമാണ് സൈഡ് സ്‌റ്രാൻഡ് കട്ട് - ഓഫ്. ഹസാർഡ് ലൈറ്രുമുണ്ട്.

മുന്നിലെ ടെലസ്‌കോപ്പിക് - പിന്നിലെ ഏഴുതലത്തിൽ ക്രമീകരിക്കാവുന്ന മോണോഷോക്ക് സസ്‌പെൻഷനുകൾ,​ 17-ഇഞ്ച് വീലുകൾ,​ ഡിസ്‌ക് ബ്രേക്കുകൾ,​ സിംഗിൾ ചാനൽ എ.ബി.എസ് എന്നിവ മികച്ച യാത്രാസുഖവും സുരക്ഷയും ഉറപ്പാക്കും. സ്മൂത്തായ റൈഡിംഗ് അനുഭവം നൽകുന്നതിനാൽ ആദ്യ റൈഡിൽ തന്നെ ബൈക്ക് പ്രേമികൾക്ക് എക്‌സ്‌ട്രീം ഇഷ്‌ടമാകും. 8000 ആർ.എപി.എമ്മിൽ 15 ബി.എച്ച്.പി കരുത്തും 14 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന,​ 163 സി.സി.,​ എയർകൂളായ 4-സ്‌ട്രോക്ക്,​ സിംഗിൾ സിലിണ്ടർ എൻജിനാണുള്ളത്.

ഗിയറുകൾ അഞ്ച്. 170 എം.എം ഗ്രൗണ്ട് ക്ലിയറൻസ് സിറ്രി റൈഡുകൾക്ക് ഗുണകരമാണ്. 138 കിലോഗ്രാം മാത്രമാണ് ഭാരം. ഇത് നിയന്ത്രണം എളുപ്പമാക്കും. 12 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.7 സെക്കൻഡ് മതി എന്നതും പ്ളസ് പോയിന്റ്. വില കമ്പനി പറഞ്ഞിട്ടില്ല. എങ്കിലും,​ എക്‌സ്‌ഷോറൂമിൽ 90,​000 രൂപ പ്രതീക്ഷിക്കാം.