പ്രവാസികൾ തുണച്ചു, കിഫ്ബിയും

Monday 24 February 2020 12:12 AM IST

വിരോധ സത്യങ്ങൾക്ക് പേരുകേട്ട കേരളം മറ്റൊരു വൈരുദ്ധ്യത്തിന് കൂടി പാത്രമായി. പ്രകൃതി വിതച്ച കടുത്ത കെടുതികൾ, ദേശീയ തലത്തിലെ മാന്ദ്യം, സർക്കാരിന്റെ രൂക്ഷമായ ധനഞെരുക്കം എന്നീ വ്യഥകളിൽ ആണ്ടുപോയ സംസ്ഥാനത്തിന് ഉയർന്ന സാമ്പത്തിക വളർച്ചയും ഉത്പാദന മേഖലകളിൽ ഉണർവും ഉണ്ടായെന്നുള്ള അതിശയമാണിപ്പോൾ സംഭവിച്ചിരിക്കുന്നത്.

തുടർച്ചയായ രണ്ട് പ്രളയങ്ങൾ ഏൽപ്പിച്ചത് കനത്ത നാശമായിരുന്നു. 500 ൽപ്പരം മനുഷ്യജീവൻ പൊലിഞ്ഞുവെന്ന തീരാനഷ്ടത്തിന് പുറമേ സമ്പദ് വ്യവസ്ഥയ്ക്ക് 40,000 കോടി രൂപയിലധികമുള്ള ഭൗതികനഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നു. ഇത്തരം ചേതങ്ങൾക്ക് പരിഹാരക്രിയ ചെയ്യാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വഴിയൊരുക്കാനുമുള്ള സർക്കാരിന്റെ ധനസ്ഥിതി ശോഷിച്ചതും ഇരട്ട പ്രഹരമായി.

ഇതിന്റെ സ്വാഭാവികമായ പരിണാമം സംസ്ഥാന സമ്പദ് ഘടനയുടെ പിറകോട്ടടിയായിരുന്നു. എന്നാൽ, സംഭവിച്ചത് ഇതിന് വിരുദ്ധമായ കാര്യങ്ങളായിരുന്നു. ഇൗ കാലഘട്ടത്തിൽ സാമ്പത്തിക വളർച്ചാനിരക്ക് ഉയർന്നെന്ന് മാത്രമല്ല, അത് ദേശീയ വളർച്ചാനിരക്കിനെ കടത്തിവെട്ടുകയും ചെയ്തു. 2019-20 ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. കേരളത്തിന്റേത് 7.5 ശതമാനവും. ആളോഹരി വരുമാനത്തിലുമുണ്ടായി ഇൗ അന്തരം: ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 93,655 രൂപ. കേരളത്തിന്റേത് 1,48,078 രൂപ.

സംസ്ഥാനത്തിന്റെ ഉത്പാദന മേഖലകളിലും ഉണർവുണ്ടായി. കഴിഞ്ഞവർഷം 3.7 ശതമാനം വളർച്ചയുണ്ടായിരുന്ന വ്യവസായ മേഖലയുടെ വളർച്ച 11.2 ശതമാനത്തിലേക്ക് ഉയർന്നു. സൂക്ഷ്മ -ചെറുകിട-ഇടത്തരം മേഖലയിൽ 13,826 സംരംഭങ്ങൾ പുതുതായി ആരംഭിച്ചു. കാർഷിക മേഖലയുടെ പൊതുവിലുള്ള വളർച്ചാനിരക്ക് ന്യൂനസംഖ്യയിലാണെങ്കിലും താഴ്ന്നുപൊയ്ക്കൊണ്ടിരുന്ന നെൽകൃഷിയുടെ വിസ്തൃതി കാര്യമായി വർദ്ധിച്ചു. വമ്പൻ കമ്പനികളിൽ ചിലതെങ്കിലും കേരളത്തിലെത്താൻ തയാറായിരിക്കുന്നു.

ചുരുക്കത്തിൽ പ്രതികൂല സാഹചര്യങ്ങളുടെ കെടുതികൾക്ക് നടുവിലും സമ്പദ് ഘടനയിൽ നല്ല കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു. വിഷമസന്ധിയിൽ അത്താണിയായത് രണ്ട് ഘടകങ്ങളാണെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 1, കേരളത്തിന്റെ പ്രവാസികൾ നാട്ടിലേക്ക് ഒഴുക്കുന്ന പണത്തിൽവന്ന വർദ്ധനവ്. 2, കിഫ്ബിയെന്ന ബഡ്ജറ്റിന് പുറത്തുള്ള പുതിയ ധനസമാഹരണ-വിനിയോഗ സംവിധാനം.

പ്രവാസികളുടെ പണം

താഴ്ന്ന സാമ്പത്തിക വളർച്ചയ്ക്ക് നടുവിലും ഉയർന്ന സാമൂഹിക വികസനവും ഉപഭോഗ സമൃദ്ധിയും സൃഷ്ടിക്കാൻ കഴിഞ്ഞ കേരള വികസന മാതൃക നിലനിറുത്താനായത് സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ നാലിലൊന്നോളം വരുന്ന തുക പ്രവാസികൾ വർഷാവർഷം നാട്ടിലേക്ക് അയച്ചതു കൊണ്ടായിരുന്നു. അന്യദേശത്ത് പണിയെടുക്കുന്നവരുടെ എണ്ണം, 2017-18 വർഷത്തിലെ 24 ലക്ഷത്തിൽനിന്ന് 2018-19 ൽ 21 ലക്ഷമായി കുറഞ്ഞെങ്കിലും പ്രവാസികൾ നാട്ടിലേക്ക് എത്തിച്ച തുക ഉയരുകയാണുണ്ടായത്. ഇതിന്റെ കാരണങ്ങൾ രണ്ടാണ്. ഒന്ന് അന്യരാജ്യത്ത് നിന്ന് നാട്ടിൽ സ്ഥിരതാമലത്തിന് മടങ്ങുന്നവർ സമ്പാദ്യമത്രയും നാട്ടിലേക്ക് എത്തിക്കുന്നു. രണ്ട്, രൂപയുടെ വിദേശമൂല്യത്തിന്റെ ഇടിവ് പ്രവാസികൾക്ക് നേട്ടമായി. വിദേശ മലയാളികളുടെ നാട്ടിലുള്ള ബാങ്ക് ഡെപ്പോസിറ്റ് 2017-18 വർഷത്തിൽ 1,69,944 കോടിരൂപ ആയിരുന്നത് 2018-19 ൽ 1,90,055 കോടിരൂപയായി ഉയർന്നു. 11 ശതമാനത്തിന്റെ വർദ്ധനവ്.

കിഫ്ബി ഫലപ്രാപ്തിയിലേക്ക്

കേരളത്തിന്റെ ദുർഘട ഘട്ടത്തിൽ താങ്ങായിത്തീർന്ന മറ്റൊരു ഘടകം കിഫ്ബിയാണ്. ബഡ്ജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യ വികസനത്തിനായി 2016-17 ൽ അവതരിച്ച കിഫ്ബി ഇപ്പോൾ ഫലപ്രാപ്തിയുടെ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനകം 675 പ്രോജക്ടുകൾക്കായി 35, 028 കോടി രൂപയുടെ അംഗീകാരം നൽകി. ഇതിന് പുറമേ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കാനായി 14,275 കോടി രൂപയുടെയും ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ 5375 കോടി രൂപയുടെയും അനുമതി നൽകി. അംഗീകരിക്കപ്പെട്ടവയിൽ 13,616 കോടിരൂപയുടെ പദ്ധതികൾ ടെൻഡർ വിളിച്ചിരിക്കുന്നു. 4500 കോടിരൂപയുടെ പ്രവർത്തനം പൂർത്തീകരിച്ചു . കിഫ്ബിക്ക് പരിമിതികളുണ്ടെങ്കിലും സമ്പദ് ഘടനയിലേക്ക് ഇതിനകം തന്നെ പണമെത്തിക്കാനും വല്ലതുമൊക്കെ നടക്കുമെന്ന പ്രത്യാശ ജനിപ്പിക്കാനും ഇൗ മാർഗം ഉതകിയിട്ടുണ്ട്. ഇവ വൻ കമ്പനികളുടെ കടന്നുവരവിനും കൂടുതലായുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ആരംഭം കുറിക്കലിനും ഇടയാക്കിയിട്ടുണ്ട്.