ലക്ഷങ്ങൾ കിട്ടിയതോടെ തനി സ്വരൂപം പുറത്ത് വന്നു, വിവാഹത്തിനെത്തിയ വരനെ കണ്ട് വധു പിന്മാറി,​ നാടകീയ സംഭവങ്ങൾക്കൊടുവിൽ പൊലീസെത്തി,​ മണവാളൻ അഴിക്കുള്ളിൽ

Monday 24 February 2020 11:21 AM IST

മീററ്റ്: വിവാഹച്ചടങ്ങിൽ നിന്ന് വധുവിന്റെ വീട്ടുകാർ പിന്മാറി. വരൻ മദ്യപിച്ചാണ് വിവാഹ വേദിയിലെത്തിയതെന്നും, അതിനാലാണ് വിവാഹത്തിൽ നിന്ന് പിന്മാറുന്നതെന്ന് വധുവിന്റെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

മദ്യപിച്ച് ലക്കുകെട്ടാണ് വരൻ ചടങ്ങിനെത്തിയത്. ഇതോടെ തനിക്ക് ഈ വിവാഹം വേണ്ടെന്ന് വധുവും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു. തുടർന്ന് വരനെയും ബന്ധുക്കളെയും പെൺവീട്ടുകാർ ബന്ധികളാക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.

ലക്ഷങ്ങളാണ് സ്ത്രീധനമായി വരന്റെ വീട്ടുകാർ കൈപ്പറ്റിയത്. കൂടാതെ ഒരു ലക്ഷം രൂപയും കാറും കൂടെ തരണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തുവെന്ന് വധുവിന്റെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.