ആനുകാലിക സംഭവ വികാസങ്ങളുടെ തീവ്രതയുമായി "അവകാശികൾ "
രാജ്യത്ത് വ്യാപകമാകുന്ന ഭരണഘടനാ സംരക്ഷണ പോരാട്ടങ്ങളും ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകളും പ്രതിസന്ധികളും ഒരു മലയാളിയുടെയും അസാമിയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയ പ്രമേയം ചർച്ച ചെയ്യുന്ന 'അവകാശികൾ ' അണിയറയിൽ ഒരുങ്ങുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എൻ അരുണാണ് ആനുകാലിക സംഭവ വികാസങ്ങളുടെ തീവ്രതകൾ കടന്ന് പോകുന്ന സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഇർഷാദ്, റ്റി.ജി.രവി, ജയരാജ് വാര്യർ, അഞ്ജു അരവിന്ദ്, അനൂപ് ചന്ദ്രൻ, എം എ നിഷാദ്, സോഹൻ സീനു ലാൽ , ബേസിൽ പാമ തുടങ്ങിയവർക്കൊപ്പം ഉത്തരേന്ത്യൻ കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കും.
മുൻ മുഖ്യമന്ത്രി പി കെ വി യുടെ വസതിയിൽ കേരളാ ഗവൺമെന്റ് ചീഫ് വിപ്പ് കെ.രാജൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ടെൽക് ചെയർമാൻ എൻ.സി. മോഹനൻ , ഫാമിംഗ് കോർപറേഷൻ ചെയർമാൻ കെ കെ അഷറഫ് ചലച്ചിത്ര സംവിധായകൻ എ.ആർ ബിനു രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ബേസിൽ പോൾ ലോക കേരളസഭ അംഗം ജോൺസൺ മാമലശ്ശേരി, കെ.പി റെജിമോൻ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലും ആസാമി ലുമായി ചിത്രീകരിക്കുന്ന സിനിമ ഏപ്രിൽ മാസം പ്രദർശനത്തിനെത്തും.