അയോദ്ധ്യ: പള്ളി നിർമ്മിക്കാൻ ട്രസ്റ്റ്

Monday 24 February 2020 10:41 PM IST

പള്ളിക്കൊപ്പം ആശുപത്രിയും ലൈബ്രറിയും പഠനകേന്ദ്രവും

ന്യൂഡൽഹി: അയോദ്ധ്യയിൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരം യു.പി സർക്കാർ അനുവദിച്ച 5 ഏക്കർ ഭൂമി സ്വീകരിച്ചതായും ഇവിടെ പള്ളി നിർമ്മിക്കാൻ ട്രസ്റ്റ് രൂപീകരിക്കുമെന്നും യു.പി സെൻട്രൽ സുന്നി വഖഫ് ബോർഡ് അറിയിച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം.

അയോദ്ധ്യ ജില്ലാ തലസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ അകലെ ലക്‌നൗ ദേശീയപാതയിൽ സൊഹവാൾ താലൂക്കിലെ ധന്നിപുർ ഗ്രാമത്തിലാണ് യു.പി സർക്കാർ സ്ഥലം അനുവദിച്ചത്. ഭൂമി സ്വീകരിക്കരുതെന്ന് ഒരുവിഭാഗം മുസ്ലിം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പള്ളി കൂടാതെ, നൂറ്റാണ്ടുകളായുള്ള ഇന്ത്യൻ ഇസ്‌ലാമിക് സംസ്കാരത്തെക്കുറിച്ചുള്ള പ്രദർശനകേന്ദ്രവും പഠനകേന്ദ്രവും ആശുപത്രിയും ലൈബ്രറിയും മറ്റുസംവിധാനങ്ങളും ഒരുക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖി പറഞ്ഞു. പള്ളിയുടെ വലിപ്പവും എത്ര സ്ഥലം ഉപയോഗിക്കണമെന്നതും തീരുമാനിച്ചിട്ടില്ല. ട്രസ്റ്റിന്റെ ഘടനയും പിന്നീട് പ്രഖ്യാപിക്കും. അയോദ്ധ്യയിലെ തർക്ക ഭൂമി രാമക്ഷേത്രത്തിനും, പകരം പള്ളി നിർമ്മിക്കാൻ സുന്നിവഖഫ് ബോർഡിന് അയോദ്ധ്യയിൽ തന്നെ അഞ്ച് ഏക്കർ ഭൂമി നൽകാനും കഴിഞ്ഞവർഷം നവംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് നേരത്തെ തന്നെ സുന്നിവഖഫ് ബോർഡ് അറിയിച്ചിരുന്നു.

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്റ് ഫെബ്രുവരി അഞ്ചിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.