ഡൽഹിയിൽ കലാപം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു, സംഘർഷത്തിൽ ഏഴ് മരണം, 160 പേർക്ക് പരിക്ക്, അതിർത്തികൾ അടയ്ക്കണമെന്ന് കേജ്‌രിവാൾ

Tuesday 25 February 2020 3:12 PM IST

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കു കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സംഘർഷത്തിനിടെ വെടിയേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാപത്തിന്റെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാപത്തെക്കുറിച്ച് നാളെ സുപ്രീം കോടതി പരിശോധിക്കും.

അതേസമയം, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം ഏഴായി. പൊലീസുകാരുൾപ്പെടെ 160 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. സംഘർഷത്തിനിടെ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്കും വീടുകൾക്കും തീയിട്ടു. ആക്രമണത്തിൽ മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 35 കമ്പനി കേന്ദ്രസേനയെ വടക്കു കിഴക്കൻ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിലുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് കേന്ദ്രം സംഭവവികാസങ്ങളെ കാണുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. സംഘ‌ർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹി പരിസ്ഥിതി മന്ത്രി ദോപാൽ റായി അ‌‌ർദ്ധരാത്രിയോടെ ലഫ്നൻ്റ് ​ഗവ‌ർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിർത്തികൾ അടയ്ക്കണമെന്ന് കേജ്‌രിവാൾ

ഡൽഹിയ്ക്ക് പുറത്തുള്ളവർ പ്രശ്നം സൃഷ്ടിക്കാൻ എത്തുന്നുണ്ടെന്നും,​ അതിനാൽ അതിർത്തികൾ അടയ്ക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. എം.എൽ.എമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേജ്‌രിവാൾ