ആം ആദ്മി പാർട്ടി നേതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ,​ അപകടമരണമെന്ന് പൊലീസ്

Tuesday 25 February 2020 3:42 PM IST

ലളിത്പൂർ: ഉത്തർപ്രദേശിൽ ആം ആദ്മി പാർട്ടി നേതാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സംസ്ഥാനത്തിന്റെ പാർട്ടി ചുമതലയുള്ള മുരളി ലാൽ ജയിനിനെയാണ് ലളിത്പൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള പാലത്തിനുതാഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തുനിന്ന് അദ്ദേഹത്തിന്റെ ബാഗും കണ്ടെത്തിയിട്ടുണ്ട്.


പൊലീസിന്റെ നിഗമനത്തിൽ അപകടമരണമാണെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. ലക്‌നൗവിലെ ഒരു യോഗത്തിൽ പങ്കെടുത്തശേഷം അദ്ദേഹം പുഷ്പക് എക്സ്‌പ്രസിൽ ‌‌ഞായറാഴ്ച രാത്രി ലളിത്പൂരിലേക്ക് മടങ്ങിയിരുന്നു. മുരളി ലാൽ തനിച്ചായിരുന്നു യാത്രചെയ്തിരുന്നതെന്ന് അദ്ദേഹത്തെ അവസാനമായി കണ്ടവർ പൊലീസിനോട് പറഞ്ഞു. വിവരാവകാശ നിയമത്തിലൂടെ അഴിമതിയ്ക്കെതിരെ ശബ്ദമുയർത്തിയ നേതാവാണ് മുരളി ലാൽ ജയിനെന്ന് ആം ആദ്മി പാർട്ടി വക്താവ് വൈഭവ് മഹേശ്വരി മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽകും.