ശ്രീകൃഷ്ണനെ ആരെങ്കിലും കൊലപാതകി എന്ന് വിളിക്കുമോ?: സി.പി.എം നേതാവിന്റെ പ്രസംഗം വിവാദത്തിൽ

Tuesday 25 February 2020 6:48 PM IST

കാസർകോട്: പെരിയ കൊലപാതക കേസിലെ പ്രതിയായ സി.പി.എം നേതാവിന്റെ പ്രസംഗം വിവാദത്തിൽ. പെരിയയിലെ ഇരട്ടകൊലപാതകവുമായി ബന്ധപ്പെടുത്തികൊണ്ട് പുരാണ കഥാപാത്രമായ ശ്രീകൃഷ്ണനെ കുറിച്ച് പ്രതിയായ എൻ.ബാലകൃഷ്ണൻ നടത്തിയ ഒരു പരാമർശമാണ് ഇപ്പോൾ വിവാദത്തിലേക്ക് നീങ്ങുന്നത്.'നല്ല ആൾക്കാരെ രക്ഷിക്കുന്നതിനായി തന്റെ അമ്മാവൻ ഉൾപ്പെടെയുള്ള ദുഷ്ടജനങ്ങളെ നിഗ്രഹിച്ച ശ്രീകൃഷ്ണനെ ആരെങ്കിലും കൊലപാതകി എന്ന് വിളിച്ചിട്ടുണ്ടോ?' എന്നായിരുന്നു പെരിയയിലെ ഒരു പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള പ്രസംഗത്തിനിടെ പെരിയ ലോക്കൽ സെക്രട്ടറി കൂടിയായ എൻ.ബാലകൃഷ്ണൻ പറഞ്ഞത്.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത് ലാലിന്റെയും കൃപേഷിന്റേയും ബന്ധുക്കളാണ് പ്രധാനമായും നേതാവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇരട്ട കൊലപാതകം നടത്തിയത് തങ്ങളുടെ പാർട്ടി പ്രവർത്തകർ തന്നെയാണെന്ന് പറഞ്ഞുകൊണ്ടുള്ള കുറ്റസമ്മതമാണ് സി.പി.എം നേതാവിന്റേതെന്നും അതിനാൽ ഉടൻ തന്നെ സി.ബി.ഐ പെരിയ കൊലപാതക കേസ് ഏറ്റെടുക്കണമെന്നും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ ആവശ്യപ്പെട്ടു. സി.ബി.ഐ ഓഫീസിന് മുന്നിലായി നടക്കുന്ന ധർണയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സർക്കാർ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടിയിലെ മുതിർന്ന നേതാവായ പി.ജയരാജന്റെ സാന്നിദ്ധ്യത്തിലാണ് എൻ. ബാലകൃഷ്ണൻ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. പാർട്ടിക്ക് കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന തന്റെ പ്രസ്താവന അദ്ദേഹം ആവർത്തിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനും ഒരു കോൺഗ്രസ് നേതാവും ചേർന്നാണ് ഇരട്ട കൊലപാതകത്തിനുള്ള സാഹചര്യം ഒരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെ തുടർന്ന് കോൺഗ്രസ് പാർട്ടി അംഗങ്ങൾ പെരിയയിലുള്ള ബാലകൃഷ്ണന്റെ വീടിന് മുന്നിൽ പ്രക്ഷോഭവുമായി എത്തി. തുടർന്ന്, സ്ഥലത്ത് സംഘർഷം സൃഷ്ടിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് അണികളെ ഉപദേശിക്കണമെന്ന് സി.പി.എം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണ് പെരിയ ഇരട്ട കൊലപാതകം നടന്നത്.