ഉന്നാവോ പീഡനക്കേസ്: പ്രതി സെൻഗാർ ഇനി എം.എൽ.എ അല്ല

Tuesday 25 February 2020 11:25 PM IST

ലക്‌നൗ: ഉന്നാവോ പീഡനക്കേസിലെ പ്രതിയും മുൻ ബി.ജെ.പി നേതാവുമായ കുൽദീപ് സിംഗ് സെൻഗാറിന് നിയമസഭാംഗത്വം നഷ്ടമായി. ഉന്നാവിലെ ബൻഗാർമൗ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ സെൻഗാറിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. ഇയാളെ നേരത്തെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കുൽദീപിന് ഡൽഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 2019 ഡിസംബർ 20 മുതൽ അദ്ദേഹത്തെ അയോഗ്യനാക്കിയെന്നാണ് വിജ്ഞാപനം. അന്ന് മുതൽ ബൻഗാർമൗ നിയോജക മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതായും വിജ്ഞാപനത്തിൽ പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുൽദീപ് സിംഗ് സെൻഗാർക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. തടവുശിക്ഷ ജീവിതാന്ത്യംവരെ അനുഭവിക്കണമെന്ന് പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ ഉത്തരവിട്ടിരുന്നു.

പിഴത്തുകയിൽനിന്ന് 10 ലക്ഷം രൂപ പെൺകുട്ടിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് വിധിയിൽ നിർദേശിച്ചു. ശേഷിക്കുന്ന 15 ലക്ഷം രൂപ കോടതിച്ചെലവായി ഉത്തർപ്രദേശ് സർക്കാരിനു നൽകണം. ഒരു മാസത്തിനകം പിഴ അടച്ചില്ലെങ്കിൽ സംസ്ഥാനസർക്കാരിന് പ്രതിയുടെ സ്വത്ത് ജപ്തി ചെയ്ത് തുക ഈടാക്കാമെന്നും കോടതി വിധിച്ചിരുന്നു.