ആട്ടിറച്ചിയുടെയും ദാൽ റെയ്സീനയുടെയും രുചി അറിഞ്ഞ് ട്രംപ്

Wednesday 26 February 2020 1:45 AM IST

ന്യൂഡൽഹി:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി രാഷ്ടപതി ഭവനിലെ പ്രത്യേക വിരുന്നിൽ ഒരുക്കിയത് ആട്ടിറച്ചി വിഭവങ്ങൾ . പിന്നെ രാഷ്ട്രപതി ഭവനിലെ സ്പെഷ്യൽ ദാൽ റെയ്സീനയും.ഇത് രണ്ടും ട്രംപിന്റെയും കുടുംബത്തിന്റെയും പ്രശംസ പിടിച്ചു പറ്റി. സസ്യാഹാരവും മാംസാഹാരവുമായി നൂറോളം വിഭവങ്ങളാണ് വിരുന്നിൽ ഒരുക്കിയിരുന്നത്. വിരുന്ന് ആരംഭിച്ചത് സാൽമൺ മത്സ്യം ഉപയോഗിച്ചുള്ള ടിക്ക, ആലു ടിക്കി, ചാട്ട്, പല തരം സൂപ്പകൾ എന്നിവയ്‌ക്ക് പുറമേ ഓറഞ്ച് ഉപയോഗിച്ചുള്ള ഇരുപത്തഞ്ചോളം വിഭവങ്ങളോടെയാണ്.ശേഷം വിവിധ തരം റൊട്ടികളും സ്പെഷ്യൽ ദാൽ റെയ്സീന അടക്കം ഇരുപതോളം ദാൽ കറികളും വിളമ്പി. ദാൽ റെയ്സീന ട്രംപിന് ഏറെ ഇഷ്ടപ്പെട്ടു.ചുവന്ന പരിപ്പും ഉഴുന്നുപരിപ്പും കസ്തൂരിമേത്തിയും മറ്റും ഉപയോഗിച്ചു തയ്യാറാക്കുന്ന ഈ ദാൽ കറി 48 മണിക്കൂർ കൊണ്ടാണ് പാചകം ചെയ്യുന്നത്. കഴിഞ്ഞ പത്ത് വർഷമായി രാഷ്ട്രപതി ഭവനിൽ ഭക്ഷണമൊരുക്കുന്നത് മചിന്ദ്രയുടെ നേതൃത്വത്തിലാണ് പാചകകാരാണ് . മചിന്ദ്ര തന്നെയാണ് ഈ കറി ആദ്യമായി അവതരിപ്പിച്ചതും. ബീഫ് പ്രിയനായ ട്രംപിന് ഇന്നലത്തെ ആട്ടിറച്ചി വിഭവങ്ങൾ വളരെ പിടിച്ചു. സ്പെഷ്യൽ മട്ടൻ ബിരിയാണി, മട്ടൻ റാൻ, മട്ടൻ കബാബ്, മട്ടൻ ടിക്ക തുടങ്ങിയവായിരുന്നു വിഭവങ്ങൾ.വിരുന്നിൽ ദം ഗുച്ചി മട്ടർ (പയറും കൂണും ചേർത്തുണ്ടാക്കിയ കറി), മിൻ്റ് റായിത്ത എന്നിവയ്‌ക്ക് പുറമേ ഡെസേട്ടിനായി ഹേസൽനട്ട് ആപ്പിൾ - വാനില ഐസ്ക്രീം, മാൽപുവ - റാബിഡി അടക്കം ഇരുപതോളം വിഭവങ്ങളും ഒരുക്കിയിരുന്നു. യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാനുള്ള സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ് പൂരിൽ നിന്നാണ് ഡൽഹിയിൽ എത്തിച്ചത്.