നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾക്കൊന്നും ഉടൻ പ്രതികരിക്കാൻ ഞങ്ങൾക്ക് പറ്റൂല, സിക്‌സ് പാക്കും എയിറ്റ് പാക്കും ഉണ്ടാക്കണ്ടേ? സഹപ്രവർത്തകരെ പരിഹസിച്ച് ഹരീഷ് പേരടി

Wednesday 26 February 2020 11:10 AM IST

ഡൽഹിയിൽ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ സഹപ്രവർത്തകരായ സിനിമാക്കാരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. രാജ്യത്ത് ഇത്തരത്തിൽ പ്രശ്‌നങ്ങൾ നടക്കുമ്പോൾ പ്രതികരിക്കാതെ സിക്‌സ്‌പാക്ക് ഉണ്ടാക്കുന്നതിലാണ് താരങ്ങൾക്ക് ശ്രദ്ധയെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഹരീഷ് പറയാതെ പറഞ്ഞു. 'ഒരുപാട് തിരക്കുള്ള ജീവിതമല്ലേ? അതുകൊണ്ടാണ്. ഈ പ്രശ്‌നങ്ങളൊക്കെ കെട്ടിറങ്ങി കഴിഞ്ഞാൽ ഞങ്ങൾ അതിനെ പറ്റി സിനിമയൊക്കെ ഉണ്ടാക്കും. അപ്പോൾ നിങ്ങളെല്ലാംവരും ഞങ്ങടെ കൂടെ നിക്കണം. കാരണം അത് നിങ്ങടെ ഉത്തരവാദിത്തമാണല്ലോ?'- ഹരീഷിന്റെ പരിഹാസവാക്കുകൾ ഇങ്ങനെ.

'ഞങ്ങൾ സിനിമാക്കാര് വലിയ തിരക്കിലാണ്. നിങ്ങൾ വിചാരിക്കുംപോലത്തെ ആൾക്കാരല്ല ഞങ്ങൾ. ഞങ്ങൾക്ക് വലിയ തിരക്കാണ്. നാട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾക്കൊന്നും അപ്പാപ്പം പ്രതികരിക്കാൻ ഞങ്ങൾക്ക് പറ്റൂല. കാരണം എന്താച്ചാല് ഞങ്ങൾക്ക് കഥാപാത്രങ്ങൾക്ക് വേണ്ടിയിട്ട് തടി കൂട്ടണം, തടി കുറയ്‌ക്കണം, സിക്‌സ് പാക്ക് ഉണ്ടാക്കണം, എയിറ്റ് പാക്‌സ് ഉണ്ടാക്കണം. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാണ്ടാക്കണം. ഒരുപാട് തിരക്കുള്ള ജീവിതമല്ലേ? അതുകൊണ്ടാണ്. ഈ പ്രശ്‌നങ്ങളൊക്കെ കെട്ടിറങ്ങി കഴിഞ്ഞാൽ ഞങ്ങൾ അതിനെ പറ്റി സിനിമയൊക്കെ ഉണ്ടാക്കും. അപ്പോൾ നിങ്ങളെല്ലാംവരും ഞങ്ങടെ കൂടെ നിക്കണം. കാരണം അത് നിങ്ങടെ ഉത്തരവാദിത്തമാണല്ലോ?'- ഹരീഷ് പറഞ്ഞു. തുടർന്ന് വയലാറിന്റെ മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു എന്ന ഗാനവും ആലപിച്ചാണ് നടൻ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിച്ചത്.