പ്രദർശിപ്പിച്ചാൽ മതവിദ്വേഷം ഉണ്ടാകും, മരക്കാർ റിലീസ് തടയണമെന്ന ഹർജിയുമായി കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി

Wednesday 26 February 2020 4:29 PM IST

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം കുടുംബത്തെയും കുഞ്ഞാലി മരക്കാറിനെയും അപകീർത്തിപ്പെടുത്തുന്നു എന്ന് ആരോപണമാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്.

മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. പ്രദർശനാനുമതി നൽകിയാൽ മതവിദ്വേഷം ഉണ്ടാകുന്നതിന് സിനിമ കാരണമാകും. സമുദായ സൗഹാർദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ മുസീബ വ്യക്തമാക്കുന്നു.

മാർച്ച് 26ന് ആണ് മരക്കാർ റിലീസ് നിശ്‌ചയിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രഭു, സുനിൽ ഷെട്ടി, അർജുൻ, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്.