101 വയസുള്ള സ്വാതന്ത്ര്യ സമര സേനാനി 'പാക് ഏജന്റ്': ബി.ജെ.പി എം.എൽ.എയുടെ 'കണ്ടുപിടിത്തം' ഇങ്ങനെ

Wednesday 26 February 2020 6:38 PM IST

ബംഗളുരു: 101 വയസുള്ള സ്വാതന്ത്ര്യ സമരസേനാനിയും കർണാടകത്തിൽ അങ്ങേയറ്റം ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വവുമായ ദൊരൈസ്വാമിയെ 'പാക് ഏജന്റ്' എന്ന് ആക്ഷേപിച്ച മുൻകേന്ദ്രമന്ത്രിയും എം.എൽ.എയുമായ ബി.ജെ.പി നേതാവിനെതിരെ വൻ പ്രതിഷേധം. കർണാടക എം.എൽ.എ ബസൻഗൗഡയാണ് ദൊരൈസ്വാമിയെ ഇത്തരത്തിൽ അപമാനിച്ചത്. സംസ്ഥാനത്ത് അങ്ങേയറ്റം ബഹുമാനിക്കപ്പെടുന്ന ദൊരൈസ്വാമിക്ക് അപകീർത്തി വരുത്തിവെച്ചതിൽ എം.എൽ.എയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ആർ.എസ്.എസിന് ഇന്ത്യയുടെ സ്വതന്ത്ര്യ സമരത്തിൽ എന്ത് പങ്കാണുള്ളത് എന്ന് ചോദിച്ചുകൊണ്ട് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്ത് വന്നിരുന്നു. ഇതിനുള്ള മറുപടിയായി കോൺഗ്രസിലെ മുഴുവൻ നേതാക്കളെയും ഇയാൾ മോശം ഭാഷയിൽ വിമർശിക്കുകയാണ് ചെയ്തത്.

ഇക്കൂട്ടത്തിലാണ് ഇയാൾ ദൊരൈസ്വാമിയെയും അപമാനിച്ചത്. ദൊരൈസ്വാമി വ്യാജ സ്വാതന്ത്ര്യ സമര സേനാനി ആണെന്നും അദ്ദേഹം പാക് ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു ബസൻഗൗഡയുടെ പരാമർശം.

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്നും ബി.ജെ.പി എം.എൽ.എ ചോദിക്കുകയുണ്ടായി. എന്നാൽ ദൊരൈസ്വാമി ഇതേ നാണയത്തിൽ തന്നെയാണ് ബി.ജെ.പി നേതാവിന്റെ പരാമർശങ്ങളോട് പ്രതികരിച്ചത്. 'പട്ടികൾ കുരച്ചത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ക്വിറ്റ് ഇന്ത്യ' സമരം ഉൾപ്പെടെയുള്ള നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുള്ളയാളാണ് ദൊരൈസ്വാമി.