'നിങ്ങൾ ആശങ്കപ്പെടേണ്ട, ഇത് സർക്കാരിന്റെ ജോലിയാണ്': മണിക്കൂറുകൾക്കുള്ളിൽ ഡൽഹി കലാപം തടുത്ത് കേന്ദ്രത്തിന്റെ 'സൂപ്പർ സോൾജ്യർ'
ന്യൂഡൽഹി: 'സ്ഥിതിഗതികളെല്ലാം ഇപ്പോൾ പൂർണമായും നിയന്ത്രണ വിധേയമാണ്. ജനങ്ങൾ പൂർണ തൃപ്തരാണ്. നിയമ നിർവഹണ ഏജൻസികളിൽ എനിക്ക് അങ്ങേയറ്റം വിശ്വാസമുണ്ട്. പൊലീസ് അവരുടെ ജോലി ചെയ്യുകയാണ്.' കലാപകലുഷിതമായ വടക്കൻ ഡൽഹിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരം പാഞ്ഞെത്തിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വാക്കുകളാണിത്. മൂന്ന് തിരക്കിട്ട യോഗങ്ങൾക്കൊടുവിലാണ് അജിത് ഡോവലിനെ തന്നെ രംഗത്തിറക്കാൻ അമിത് ഷാ തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ വടക്കൻ ഡൽഹിയിലേക്ക് എത്തിച്ചേർന്ന അദ്ദേഹം മണിക്കൂറുകൾക്കുള്ളിലാണ് കലാപത്തെ നിയന്ത്രണവിധേയമാക്കിയത്. കേന്ദ്ര സേനയെ രംഗത്തിറക്കിയാണ് അജിത് ഡോവൽ ഇത് സാധിച്ചത്. ശേഷം കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സന്ദർശിച്ച അദ്ദേഹം ജനങ്ങൾക്ക് ആശ്വാസം പകരുകയും മതനേതാക്കളുമായി ചർച്ചകൾ നടത്തുകയും ചെയ്തു.
ജാഫ്റാബാദിൽ വച്ച് തന്റെ അടുക്കലേക്കെത്തി കലാപം കാരണം തനിക്ക് പഠിക്കാൻ സാധിക്കുന്നില്ലെന്നും രാത്രി ഉറങ്ങാൻ സാധിക്കുന്നില്ലെന്നും പൊലീസുകാർ അവരുടെ ജോലി ചെയ്യുന്നില്ലെന്നും പരാതി പറഞ്ഞ പെൺകുട്ടിയെ അദ്ദേഹം ആശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു. 'ഞാൻ വാക്ക് തരുന്നു. നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ഇത് സർക്കാരിന്റെ ചുമതലയാണ്. പൊലീസിന്റേതും.'
എൻ.എസ്.എ(ദേശീയ സുരക്ഷാ ഏജൻസി) അഭിപ്രായപ്പെട്ടതനുസരിച്ചാണ് അമിത് ഷായുടെ നിർദ്ദേശപ്രകാരം കേന്ദ സർക്കാരിന്റെ 'സൂപ്പർ സോൾജ്യറാ'യ ഡോവൽ വടക്കൻ ഡൽഹിയിലേക്ക് എത്തിയത്. തുടർന്ന് ഇന്നലെ രാത്രി തന്നെ അജിത് ഡോവൽ ഡൽഹിയിലേക്ക് എത്തി. ഇന്നലെ പുലർച്ചെ മുതൽ ഡൽഹിയിലെ സംഘർഷ ബാധിത പ്രദേശങ്ങളിലും അജിത് ഡോവൽ യാത്രകൾ നടത്തി. ഡോവലിന്റെ സന്ദർശനത്തിന് ശേഷമാണ് ഈ പ്രദേശങ്ങളിൽ എല്ലാം കേന്ദ്ര സേനയെ വിന്യസിക്കാനും അത് ഡൽഹിയിൽ എവിടെയൊക്കെ വേണമെന്നുമുള്ള തീരുമാനങ്ങൾ വന്നത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ സ്ഥിഗതികൾ ശാന്തമാകുകയായിരുന്നു.