ഡൽഹി കത്തുമ്പോൾ രാഹുൽ ഗാന്ധിയെ മഷിയിട്ടു നോക്കിയാൽപോലും കാണാനില്ല ,​ പ്രവർത്തക സമിതി യോഗത്തിലും പങ്കെടുത്തില്ല

Wednesday 26 February 2020 10:02 PM IST

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഡൽഹി കലാപഭൂമിയാകുമ്പോൾ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കേണ്ട മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യം ചർച്ചയാകുന്നു. രാജ്യതലസ്ഥാനം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് രാഹുൽ ഗാന്ധി എവിടെപ്പോയി എന്നാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ച കൊഴുക്കുന്നത്. കോൺഗ്രസിന്റെ ഇന്ന് നടന്ന പ്രവർത്തക സമിതി യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തില്ല. അതേസമയം രാഹുൽ ഗാന്ധി വിദേശത്താണെന്ന വിവരമാണ് കോൺഗ്രസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ പാർട്ടിയെ കൈവിട്ടുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ജാമിയ മില്ലിയ, അലിഗഢ് സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കെതിരെ അക്രമമുണ്ടായ സമയത്തും രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. രാഹുൽ വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷനാകണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് ഈ അസാന്നിദ്ധ്യം..

രാവിലെ നടന്ന പ്രവർത്തക സമിതിയോഗത്തിന് ശേഷം ഡൽഹി കലാപത്തിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കൾ അണിനിരക്കുന്ന പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.