എന്താണിവർക്ക് ഒളിക്കാനുള്ളത്? ഡൽഹി പൊലീസ് അക്രമികൾക്കൊപ്പം തന്നെയെന്ന് ഉറപ്പായി, ദൃശ്യങ്ങൾ പുറത്ത്

Wednesday 26 February 2020 11:03 PM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനം കലാപത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന വേളയിൽ പൊലീസും കലാപകാരികൾക്ക് ഒപ്പം തന്നെയാണ് നിൽക്കുന്നതെന്ന വിമർശനങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അക്രമികൾക്കൊപ്പം കൂടിക്കൊണ്ട് ആളുകളെ തല്ലിച്ചതക്കുന്നതിനൊപ്പം കലാപ ബാധിത പ്രദേശത്തെ സിസി ടിവി ക്യാമറകൾ കൂടി തല്ലിപ്പൊളിക്കുന്ന പൊലീസിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അങ്കിത് ലാൽ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇവർക്ക് എന്താണ് ഒളിക്കാനുള്ളത്?' എന്നാണ് ട്വീറ്റിലൂടെ അങ്കിത് ചോദിക്കുന്നത്.

പൊലീസുകാർ കൂട്ടത്തോടെ പോസ്റ്റിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറകൾ തകർക്കുന്ന ദൃശ്യങ്ങളാണിത്. മുൻപ് അക്രമത്തിൽ പരിക്കേറ്റവരെ നിലത്തുകിടത്തി 'ജന ഗണ മന' പാടിച്ച് അവരെ ലാത്തി കൊണ്ട് കുത്തുന്ന പൊലീസുകാരുടെ ദൃശ്യവും പുറത്തുവന്നിരുന്നു. അതിനിടെ ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. ഡൽഹി പൊലീസ് പി.ആർ.ഒ വാർത്താസമ്മേളനത്തിലാണ് ഈ വിരം അറിയിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 കേസെടുത്തതായും 106 പേർ അറസ്റ്റിലായതായും ഡൽഹി പൊലീസ് വ്യക്തമാക്കി. സംഘർഷ ബാധിത മേഖലകളിൽ പൊലീസ് വിന്യാസം വർദ്ധിപ്പിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.