ഡൽഹി കലാപം: വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ജഡ്ജിക്ക് സ്ഥലം മാറ്റം, രാത്രിതന്നെ ഉത്തരവിറങ്ങി
ന്യൂഡൽഹി:കലാപക്കേസ് ഇന്ന് പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്. മുരളീധറിന് സ്ഥലംമാറ്റം. ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ജസ്റ്റിസിനെ സ്ഥലം മാറ്റാൻ നേരത്തെ സുപ്രീം കോടതി കൊളീജിയം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അസാധാരണമായി കേസിൽ ബെഞ്ച് വാദം കേട്ടത്.
വാദം കേൾക്കുന്നതിനിടെ കലാപക്കേസുകളിൽ ശക്തമായ നിലപാട് സ്വീകരിക്കണം എന്ന് ഡൽഹി പൊലീസിന് ഇദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കേസെടുക്കണമെന്നും ഇക്കാര്യം കോടതിയെ അറിയിക്കണം എന്നും ജസ്റ്റിസ് എസ്. മുരളീധരൻ പൊലീസിനോട് നിർദേശിച്ചിരുന്നു. ഇന്ന് കലാപക്കേസുകളിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പൊലീസിനോട് ജഡ്ജി നിർദേശിച്ചിരുന്നു. ഇന്ന് രാത്രിയോട് കൂടിയാണ് ജഡ്ജിയുടെ സ്ഥലംമാറ്റഉത്തരവ് പുറത്തിറങ്ങിയതെന്നത് ശ്രദ്ധേയമാണ്. കലാപം സംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജി ഇനി ചീഫ് ജസ്റ്റിസ് ആകും പരിഗണിക്കുക.