ആറ് തവണ മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി പൊലീസ് കയ്യുംകെട്ടി നോക്കി നിന്നു,​ കപിൽ മിശ്രയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഇന്റലിജൻസിന്റെ സന്ദേശങ്ങൾ വകവച്ചില്ല

Thursday 27 February 2020 11:36 AM IST

ന്യൂഡൽഹി: ഡൽഹി ആക്രമണവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലീസിന് ആറ് തവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് പൊലീസിന് മുന്നറിയിപ്പുകള്‍ ലഭിച്ചത്. നിരവധി മുന്നറിയിപ്പുകളാണ് വയര്‍ലെസ് സന്ദേശങ്ങളിലൂടെ സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വടക്ക് കിഴക്കന്‍ ജില്ലയിലെ പൊലീസ് വൃത്തങ്ങള്‍ക്ക് കൈമാറിയത്.

പൗരത്വ നിയമ ഭേദഗതിയെ പിന്തുണക്കുന്നതിന് വേണ്ടി മജ്പുര്‍ ചൗകില്‍ മൂന്ന് മണിക്ക് ആളുകളോട് ഒത്തുചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട്‌ കപില്‍ മിശ്ര ട്വീറ്റ് ചെയ്ത ഉടനെയാണ് ആദ്യ മുന്നറിയിപ്പ് കൈമാറിയത്‌. ഒരു ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഏറ്റുമുട്ടലിന് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് സ്‌റ്റേഷനുകളിലേക്ക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇതിന് ശേഷം കല്ലേറുണ്ടാകുകയും പിന്നീട് തുടര്‍ച്ചയായി പൊലീസിന് മുന്നറിയിപ്പ് ലഭിച്ചിരിന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം,​ കലാപത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. പരിക്കേറ്റ് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് യു.എൻ അറിയിച്ചു. സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണം. സമാധാനപരമായി പ്രതിഷേധിക്കാൻ അവസരം നൽകണമെന്നും യു.എൻ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുന്നു.