അവിടം ഞങ്ങളുടേതാണ്, എന്നും അത് അങ്ങനെ തന്നെ ആയിരിക്കും,തീവ്രവാദം കയറ്റുമതി ചെയ്യുന്നവർ ഉപദേശിക്കേണ്ട: പാകിസ്ഥാന്റെ വായടപ്പിച്ച് ഇന്ത്യ
ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ ജമ്മു കാശ്മീർ സംബന്ധിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങളെ തള്ളി ഇന്ത്യ. മനുഷ്യാവകാശത്തിന്റെ വിഷയത്തിൽ പാകിസ്ഥാന്റെ ഉപദേശം ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യൻ നയതന്ത്രജ്ഞൻ വികാസ് സ്വരൂപ് ആണ് വിഷയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിച്ചത്. കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരം ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ എടുത്ത് കളഞ്ഞ ശേഷം പ്രദേശത്ത് താത്കാലികമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും ഇന്ത്യ പറഞ്ഞു.
തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യം മനുഷ്യാവകാശത്തെ പറ്റി സംസാരിക്കുന്നത് വിരോധാഭാസമാണെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാണിച്ചു. പാകിസ്ഥാൻ ജമ്മു കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നതിനിടെയും പ്രദേശത്ത് സമാധാനം കൊണ്ടുവരാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ കൗൺസിലിൽ കാശ്‌മീർ വിഷയം വീണ്ടും ഉയർത്തിയതിനും ഇന്ത്യ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ചു.
ജമ്മു കാശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും അത് എക്കാലവും അങ്ങനെ തന്നെ ആയിരിക്കുമെന്നും പാകിസ്ഥാന്റെ വാദങ്ങൾക്കെതിരെ ഇന്ത്യ തിരിച്ചടിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ കാശ്മീരിന്റെ പ്രത്യേക പദവികൾ എടുത്ത് കളഞ്ഞ ശേഷം അവിടെ നിയന്ത്രണങ്ങൾ കൊണ്ടുവന്ന ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു പാകിസ്ഥാൻ മനുഷ്യാവകാശ കൗൺസിലിൽ വാദങ്ങൾ ഉയർത്തിയത്. ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടണം എന്നതായിരുന്നു പാകിസ്ഥാന്റെ ആവശ്യം.