ഹർദിക് പട്ടേലിന് മുൻകൂർ ജാമ്യം
ന്യൂഡൽഹി: പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദ്ദിക് പട്ടേലിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
2015 ൽ ഗുജറാത്തിൽ നടന്ന പട്ടേൽ പ്രക്ഷോഭത്തിന്റെ ഭാഗമായി കലാപമുണ്ടാക്കൽ, തീ വയ്പ്, പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ഹാർദ്ദിക് പട്ടേലിനെതിരെ ചുമത്തിയിരിക്കുന്നത്.
പട്ടേൽ വിഭാഗങ്ങൾക്ക് സംവരണം ആവശ്യപ്പെട്ടാണ് 'പട്ടിദാർ അനാമത് ആന്ദോളൻ" എന്ന സംഘടന പ്രക്ഷോഭം സംഘടിപ്പിച്ചത്. 2015 ജൂലായിൽ നടന്ന പ്രക്ഷോഭത്തോടനുബന്ധിച്ച് നിരവധി അക്രമ സംഭവങ്ങളുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രക്ഷോഭത്തിന്റെ സൂത്രധാരൻ ഹാർദ്ദിക്കാണെന്നും അയാളെ ഉടൻ അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം തുടരണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ അഞ്ച് വർഷത്തിന് മുമ്പുണ്ടായ കേസിൽ ഇത് വരെ നടക്കാത്ത എന്ത് അന്വേഷണമാണ് ഏഴ് ദിവസത്തിനുള്ളിൽ നടക്കാൻ പോകുന്നതെന്ന് ചോദിച്ച കോടതി ഇനി കേസ് പരിഗണിക്കുന്ന മാർച്ച് 6 വരെ ഹാർദ്ദികിനെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടു. ജസ്റ്റിസ് യു.യു. ലളിത് ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.