പുൽവാമ ഭീകരാക്രമണം,​ ചാവേറിനെ സഹായിച്ചയാളെ എൻ.ഐ.എ അറസ്റ്റുചെയ്തു

Friday 28 February 2020 10:28 PM IST

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം നടത്തിയ ചാവേർ ആദിൽ അഹമ്മദ് ദറിനെ സഹായിച്ചയാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഷക്കീർ ബഷീർ മാഗ്രെ എന്നയാളെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ഓവർഗ്രൗണ്ട് വർക്കറാണ് ഇയാൾ.

ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എൻ.ഐ.എ. കോടതിയിൽ വെള്ളിയാഴ്ച ഹാജരാക്കി. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. 2019 ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നാല്പത് സി.ആർ.പി.എഫ്. അംഗങ്ങൾക്കാണ് ജീവൻ നഷ്ടമായത്.

ചാവേറായ ആദിൽ അഹമ്മദ് ദറിന് താമസിക്കാനുള്ള സ്ഥലവും മറ്റ് സഹായങ്ങളും നൽകിയത് ഷക്കീർ ആണെന്നാണ് സൂചന.