പൗരത്വപ്രതിഷേധം: മേഘാലയയിൽ 2 മരണം

Saturday 29 February 2020 11:52 PM IST

ഷില്ലോംഗ്: പൗരത്വ നിയമ ഭേദഗതിയെ എതിർത്തും ഇന്നർലൈൻ പെർമിറ്റിനെ അനുകൂലിച്ചും ഖാസി വിദ്യാർത്ഥി യൂണിയന്റെ (കെ.എസ്.യു)​​ നേതൃത്വത്തിൽ മേഘാലയയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ 2പേർ കൊല്ലപ്പെട്ടു. ഖാസി വിദ്യാർത്ഥി യൂണിയൻ അംഗം ലുർഷായ് ഹിന്നിവേറ്റയാണ് മരിച്ചത്.

20ഓളം പേർക്ക് പരിക്കേറ്റു.

നിരവധി പൊലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. നിരവധി വാഹനങ്ങൾക്ക് തീയിട്ടു.

തുടർന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യപിച്ചു. 48 മണിക്കൂറേക്ക് ഇന്റർനെറ്റ്, എസ്.എം.എസ് സർവീസ് വിച്ഛേദിച്ചു.

ജില്ലയിലെ ഇച്ചാമതി പ്രദേശത്ത് വെള്ളിയാഴ്ച നടന്ന സി.എ.എ വിരുദ്ധ, ഐ.എൽ.പി അനുകൂല യോഗത്തിനിടെ ഖാസി സ്റ്റുഡന്റ്‌സ് യൂണിയൻ അംഗങ്ങളും ഗോത്ര ഇതര വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ ക്രമസമാധാനനില നിലനിറുത്താൻ കേന്ദ്ര സായുധ പൊലീസ് സേനയുടെ നിരവധി കമ്പനികളെ വിന്യസിച്ചിട്ടുണ്ടെന്നും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ പറഞ്ഞു.

സംസ്ഥാനത്ത് ഇന്നർലൈൻ പെർമിറ്റ് നടപ്പാക്കുന്നതിന് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല.

ഇന്നർലൈൻ പെർമിറ്റ് നടപ്പാക്കിയാൽ,​ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മേഘാലയയിൽ പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി നേടണം.