ഉഷ്ണം ഉഷ്ണേന നഃ ശാന്തി
ഉഷ്ണം ഉഷ്ണേന ശാന്തി എന്ന പ്രമാണം ധനമന്ത്രി തോമസ് ഐസക്കിനും വി.ഡി. സതീശനും ചെറിയ ഭേദഗതിയോടെ മുൻകാല പ്രാബല്യത്തോടെ ബാധകമാക്കാവുന്നതാണ്. ഭേദഗതിയെന്നത് ഉഷ്ണം ഉഷ്ണേന ന: ശാന്തി എന്നാണ്. അതായത് തോമസ് ഐസക് വി.ഡി. സതീശനെയും സതീശൻ തോമസ് ഐസക്കിനെയും പരസ്പരം ശമിപ്പിക്കുമെന്ന് കരുതേണ്ടതില്ല. കുറഞ്ഞപക്ഷം നിയമസഭയും ഐസക്കും സതീശനും ഒരുമിച്ചുണ്ടാകുന്ന കാലത്തോളം. സ്വർണത്തിന്റെ നികുതിചോർച്ചയായാലും ഐസകിന് ഐസക്കിന്റേതും സതീശന് സതീശന്റേതുമായ ന്യായങ്ങളുണ്ട്. സമാന്തരരേഖയിലൂടെ സഞ്ചരിക്കുന്ന ന്യായങ്ങളായത് കൊണ്ടുതന്നെ ഒരിക്കലും കൂട്ടിമുട്ടി ഒന്നായിച്ചേരുമെന്ന് ആരും പേടിക്കേണ്ട. സംസ്ഥാനത്ത് അപകടകരമായ സമാന്തര സ്വർണവിപണി ശൃംഖല രൂപപ്പെടുകയും മൂവായിരം കോടി കിട്ടേണ്ടിടത്ത് നികുതിയിൽ കിട്ടിയത് മുന്നൂറ് കോടിയിൽ താഴെയാവുകയും ചെയ്തതെന്ന് കാട്ടിയാണ് സതീശന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന അടിയന്തരപ്രമേയം. ആൾ ദാറ്റ് ഗ്ലിറ്റേഴ്സ് ഇൗസ് നോട്ട് ഗോൾഡ് എന്നാണ് ചൊല്ലെങ്കിലും കേരളത്തിൽ മിന്നാത്ത ചിലതും പൊന്നായി മാറുന്ന വിചിത്രമായ കാഴ്ചയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. നികുതിവകുപ്പുണ്ടോ കേരളത്തിലെന്ന് അദ്ദേഹം സംശയിച്ചു. കാസർകോട്ട് സ്വർണക്കട റെയ്ഡ് ചെയ്യാൻ അവിടത്തെ ഉദ്യോഗസ്ഥൻ ട്രെയിൻ കയറി തിരുവനന്തപുരത്ത് വന്ന് നികുതി ജോയിന്റ് കമ്മിഷണറെ കാണണമത്രെ. തിരിച്ച് പോകുമ്പോഴേക്കും അവിടെ തട്ടിപ്പിന്റെ പൊടി പോലും കാണില്ല! സ്വർണനികുതിപിരിവിലെ ഇടിവ് സത്യമാണെങ്കിലും സതീശൻ പറഞ്ഞതിലേറെയും പതിരാണെന്ന ബോദ്ധ്യത്താൽ നയിക്കപ്പെടുന്ന മന്ത്രി ഐസക് ജി.എസ്.ടിയുടെ കുറ്റത്തിന് താനെന്ത് പിഴച്ചു, രാമനാരായണ! എന്ന ഭാവത്തിലായിരുന്നു. സതീശൻ ആദ്യമൊക്കെ ലോജിക്കലും പിന്നീട് റെട്ടറിക്കുമാണെന്ന് നിരീക്ഷിച്ച് അദ്ദേഹം സ്വയം തൃപ്തിയടഞ്ഞു. അതായത്, ആദ്യമൊക്കെ യുക്തിസഹമായി സംസാരിക്കും, പിന്നീട് വാചാടോപത്തിലേക്ക് വഴിമാറും. ഇതൊരു പ്രത്യേകതരം അസുഖമാണെന്ന് മാത്രം ഐസക് പറഞ്ഞില്ല! നികുതിഭീകരത നടപ്പില്ലെന്നും ജനത്തെ ബോദ്ധ്യപ്പെടുത്തിയാവാം സ്വർണനികുതി വേട്ടയെന്നുമാണ് ഐസക്കിന്റെ നികുതിചിന്ത. ജനം വിധിയെഴുതി അധികാരത്തിലേറ്റിയവർ ഇനി നികുതിപിരിക്കാനും റഫറണ്ടം നടത്തണോയെന്ന് സതീശൻ ചിന്തിച്ചുപോയത് സ്വാഭാവികം.
സഭയിലെ മിശ്രവിവാഹിതനായ പി.ടി. തോമസ്, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാനുള്ള സുപ്രധാനനിർദ്ദേശങ്ങൾ സബ്മിഷനിലൂടെ അവതരിപ്പിച്ചു. മിശ്രവിവാഹിതരേ, ഇതിലേ ഇതിലേ എന്ന മട്ടിലായിരുന്നതിനാൽ മന്ത്രി കെ.കെ. ശൈലജ അതെല്ലാം കൈയോടെ സമ്മതിച്ചുകൊടുത്തു. മാദ്ധ്യമപ്രവർത്തകർക്കെതിരായ അക്രമം തടയാൻ മഹാരാഷ്ട്രമോഡൽ നിയമത്തിനായി വാദിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്നേഹബുദ്ധ്യാ ഉപദേശിച്ചു: വെളുക്കാൻ തേച്ചത് പാണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഇതിന് കേന്ദ്രത്തോടാവശ്യപ്പെടാം. കടക്ക് പുറത്ത്, മാറിനിൽക്ക് എന്നൊക്കെ പറയുന്നത് കൊണ്ട് അങ്ങേയ്ക്കിത് പറ്റില്ലായിരിക്കും എന്ന മുൻവിധി ചെന്നിത്തല പങ്കുവയ്ക്കാതിരുന്നില്ല.
പയ്യന്നൂർ മണ്ഡലത്തിലെ ലൈഫ് വീടുകളുടെയെല്ലാം താക്കോൽദാനം നിർവഹിച്ചശേഷം സഭയിലെത്തിയ സി. കൃഷ്ണന്, ലൈഫ് മിഷനെപ്പറ്റിയുള്ള പ്രതിപക്ഷപ്രചരണം കള്ളമാണെന്നതിൽ രണ്ട് പക്ഷമുണ്ടായില്ല. ലീഗ്ഹൗസിലെ അനുഭവം വച്ച് എ.കെ.ജി സെന്ററിനെ കാണണ്ട എന്ന് കഴിഞ്ഞദിവസം എം.കെ.മുനീറിനെ മുഖ്യമന്ത്രി ഉപദേശിച്ചതിന്, എൻ.എ. നെല്ലിക്കുന്നിന്റെ വക സാരോപദേശം തന്നെയുണ്ടായി. പതിതരായ പാവങ്ങൾക്ക് നന്മയുടെ വഴികാട്ടാനുള്ള ചർച്ചയാണ് ലീഗ്ഹൗസിലെന്നാണ് വാദം. പച്ചയായ മനുഷ്യരെ നിഷ്കാസനം ചെയ്യാനുള്ള ചർച്ചയല്ല എന്ന് കൂടി പൂരിപ്പിച്ചപ്പോൾ അതിലെ അർത്ഥാന്തരന്യാസം ശരിക്കും ബോദ്ധ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കാനാണ് നീക്കമെങ്കിൽ വച്ചുപൊറുപ്പിക്കില്ലെന്ന് വി.എസ് ശിവകുമാർ മുന്നറിയിപ്പ് നൽകി. ചോദ്യോത്തരവേളയിൽ പട്ടികജാതി -വർഗ വകുപ്പിന് ഫണ്ടില്ലാത്തതിന്റെ പരിഭവം പ്രതിപക്ഷനേതാവ് പങ്കുവച്ചപ്പോൾ, സാമ്പത്തികപ്രതിസന്ധിയുടെ ആഴം കൊണ്ടാകണം മന്ത്രി എ.കെ.ബാലനിൽ ആത്മഗതമുണ്ടായി: ആന പറക്കുന്ന കാറ്റാണ്, അവിടെ അമ്മാളുവിന്റെ ആടിന് ഗതിയുണ്ടാകുമോ? ലോകമാകെ സാമ്പത്തികമാന്ദ്യമാകുമ്പോൾ പട്ടികജാതിവകുപ്പിന് മാത്രമെന്ത് ഗതിയെന്ന് വ്യംഗ്യം.