ഭീതി പടർത്തി കൊറോണ

Thursday 05 March 2020 2:04 AM IST

ബീജിംഗ്: കൊറോണ (കൊവിഡ് 19) ബാധിച്ച് വിവിധ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം 3204 ആയി ഉയർന്നു. ചൈനയിൽ ഇന്നലെ 38 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 2981 ആയി. ചൈനയ്‍ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇറ്റലിയിൽ 79 പേരും ഇറാനിൽ 77 പേരും മരിച്ചു. 82 രാജ്യങ്ങളിലായി 93565 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

പുതുതായി കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങൾ

പോളണ്ട്, ചിലി, അർജന്റീന, ഫ്രാൻസിനു കീഴിലെ ഭാഗിക സ്വയംഭരണ പ്രദേശമായ സെന്റ് ബാർടെലമി, യൂറോപ്പിൽ ആൽപ്സ് മലനിരകളോടു ചേർന്നുള്ള ലിഷ്ട്ൻഷ്റ്റൈൻ

ഇറാനിൽ മരണം 77, രോഗികൾ 2336

ഇറാനിൽ കൊറോണ ബാധിച്ച് 77 പേർ മരിച്ചു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്.

ഇറാക്കിലും സ്പെയിനിലും ആദ്യ മരണം

കൊറോണ വൈറസ് ബാധിച്ച് ഇറാക്കിലും സ്പെയിനിലും ആദ്യ മരണം. ഇറാന് ശേഷം കൊറോണ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യുന്ന പശ്ചിമേഷ്യൻ രാജ്യമാണ് ഇറാക്ക്.

അമേരിക്കയിൽ മൂന്ന് മരണം കൂടി

യു.എസിൽ കൊറോണ വൈറസ് ബാധിച്ച മൂന്നുപേർ കൂടി ചൊവ്വാഴ്‍ച മരിച്ചു. ഇതോടെ യു.എസിൽ മരണസംഖ്യ ഒമ്പത് ആയി. രോഗബാധിതരുടെ എണ്ണം കൂടുന്നു ജപ്പാനിൽ കൊറോണ ബാധിതരുടെ എണ്ണം 1000 ആയി. ഇതിൽ 706 പേർ യോകോഹാമ തീരത്ത് തടഞ്ഞുവച്ച ആഡംബര കപ്പൽ ഡയമൻഡ് പ്രിൻസസിലാണ്. ദക്ഷിണ കൊറിയയിൽ പുതുതായി 600 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്‍ച രണ്ടുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 28 ആയി.