'പാവം സ്ത്രീയാണ് താരച്ചേച്ചി, അവരെ ഒക്കെ വിടൂ, ഞങ്ങൾ ഒക്കെ ഇല്ലേ നിങ്ങൾക്ക്': താര കല്ല്യാണിന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി നടൻ

Thursday 05 March 2020 10:41 PM IST

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന മോശം പ്രചാരണത്തിനെതിരെ നടിയും നർത്തകിയുമായ താര കല്ല്യാൺ വികാരപരമായി പ്രതികരിച്ചത് വാർത്തയായിരുന്നു. താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹ വേളയിൽ പകർത്തിയ ഒരു വീഡിയോ അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച ഒരാൾക്കെതിരെയാണ് നടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ഇപ്പോൾ താര കല്ല്യാണിനു പിന്തുണയുമായി നടൻ ആദിത്യൻ ജയൻ രംഗത്തെത്തിയിരിക്കുകയാണ്. ഒറ്റയ്ക്ക് നിന്നുകൊണ്ട് മകളുടെ വിവാഹം നടത്തിയ ആളാണ് താര കല്ല്യാണെന്നും അവരുടെ കണ്ണീരിന് വില ആരായാലും വില നൽകേണ്ടി വരുമെന്നും അത് ഉറപ്പുള്ള കാര്യമാണെന്നും ആദിത്യൻ ജയൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ താര കല്യാണിനുള്ള തന്റെ പിന്തുണ അറിയിച്ചത്.

ആദിത്യൻ ജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'ഒരു ഭർത്താവിന്റെ കൂട്ടില്ലാതെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് എന്റെ അമ്മയ്‌ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങൾ ആകുംമുന്നേ അവരുടെ കണ്ണുനീർ കാണാൻ ആർക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.

അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാദ്ധ്യമം നല്ലതാണ്, നല്ല കാര്യത്തിന്. അവർ ജീവിക്കട്ടെ. അവരെ ഒക്കെ വിടൂ. ഞങ്ങൾ ഒക്കെ ഇല്ലേ നിങ്ങൾക്ക്. അവരെ വിടൂ. ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങൾ വേണ്ടേ ഈ സമൂഹത്തിൽ പിന്തുണയ്ക്കാൻ. ഓരോ ദിവസവും പുതിയ ഇരകൾക്ക് വേണ്ടി ഓട്ടം നിർത്തൂ സുഹൃത്തുക്കളെ. ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണുനീരിന് വിലനൽകേണ്ടി വരും. ഉറപ്പാണ്. '