പൗരത്വ നിയമത്തിനെതിരെ നാടകം : രാജ്യദ്രോഹം നിലനിൽക്കില്ലെന്ന് കോടതി
ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷാഹിൻ ഉറുദു മീഡിയം പ്രൈമറി സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച നാടകത്തിനെതിരെ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി. മത സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള യാതൊരു പരാമർശവും നാടകത്തിൽ ഇല്ലെന്നും ബിദാർ ജില്ലാ കോടതി വിധിയിൽ പറയുന്നു.
രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അവർ രാജ്യം വിടേണ്ടിവരുമെന്നാണ് നാടകത്തിൽ കുട്ടികൾ പറഞ്ഞത്. ഇത് സർക്കാരിനെതിരെയോ രാജ്യത്തിനെതിരെയോയുളള പരാമർശമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
വിദ്യാർത്ഥികളുടെ നാടകത്തെത്തുടർന്ന് ബിദാറിലെ ഷാഹിൻ സ്കൂളിലെ പ്രധാന അദ്ധ്യാപികയും ഒരു രക്ഷിതാവും രാജ്യദ്രോഹക്കുറ്റത്തിന്‍ അറസ്റ്റിലായിരുന്നു. ജനുവരി 21നാണ് നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്‌കൂളിൽ നാടകം അവതരിപ്പിച്ചത്. നാടകത്തി̣ന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിലേഷ് രക്ഷ്യാൽ എന്നയാൾ പൊലീസിന് പരാതി നൽകി. തുടർന്ന് പ്രധാന അദ്ധ്യാപികയായ ഫരീദ ബീഗത്തെയും വിദ്യാർത്ഥിയുടെ രക്ഷിതാവായ നസ്ബുന്നീസയെയും അറസ്റ്റ് ചെയ്യുകയും സ്‌കൂൾ പൂട്ടിക്കുകയും ചെയ്തു.