ത്രില്ലർ നോവൽ - 'നിഗ്രഹം: 35'

Monday 16 March 2020 12:40 PM IST

''സാർ പറയുന്നത്..."

സിദ്ധാർത്ഥിന്റെ ശബ്ദം വിറച്ചു. അവൻ സി.ഐ ഇഗ്‌നേഷ്യസിനെ തുറിച്ചു നോക്കി.

ആ മുഖത്ത് ഒരുതരം നിർവികാരമല്ലാതെ മറ്റൊന്നും കാണാനായില്ല.

''ഞാൻ പറഞ്ഞത് സത്യം." ഇഗ്‌നേഷ്യസ് തുടർന്നു. ''ഷാജി ചെങ്ങറയുടെ സ്വഭാവം വച്ചു നോക്കുമ്പോൾ അങ്ങനെതന്നെ നടന്നിരിക്കും. ഒരു സർക്കിൾ ഇൻസ്പെക്ടറായ എന്നെ കുടുക്കുവാൻ അവനു കഴിയുമെങ്കിൽ നിരാലംബയായ മാളവിക അവന്റെ മുന്നിൽ തൃണത്തിനു തുല്യം. പോരെങ്കിൽ ഉന്നതങ്ങളിൽ അവനുള്ള സ്വാധീനം അവനെ സംരക്ഷിക്കുകയും ചെയ്യും."

സിദ്ധാർത്ഥിന്റെ കണ്ണുകൾ വൈരപ്പൊടി വീണതുപോലെ തിളങ്ങി.

''എങ്കിൽ കൊല്ലും ഞാൻ... ആ പന്നിയെ."

''നടക്കാനുള്ളത് നടന്നു കഴിഞ്ഞിട്ട് അവനെ കൊന്നിട്ടെന്തു കാര്യം?"

ഇഗ‌്‌നേഷ്യസിന്റെ ചോദ്യത്തിൽ ഒളിഞ്ഞിരുന്ന സത്യം സിദ്ധാർത്ഥ് തിരിച്ചറിഞ്ഞു.

അവന്റെ ശ്വാസഗതിക്കു വേഗതയേറി.

''സാർ... എനിക്ക് ഒന്നു ഫോൺ ചെയ്യാനുള്ള അവസരം ഉണ്ടാക്കിത്തരാമോ?"

സിദ്ധാർത്ഥിന്റെ ശബ്ദം പതറി.

''എടാ. ജയിലിൽ എല്ലാവരും ഒന്നുപോലാ. അത് നിനക്കറിയില്ലേ?"

ഇഗ്‌നേഷ്യസ് ഒന്നു ചിരിച്ചു.

''പിന്നേ... പുല്ല്! പട്ടാപ്പകൽ പത്തുപേരെ വെട്ടിക്കൊന്നവനൊക്കെ നമ്മുടെ ജയിലുകളിൽ വാട്സ് ആപ്പും ഫെയിസ് ബുക്കും കളിക്കുന്നു... ജയിലിൽ ഇരുന്നുകൊണ്ട് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു... അങ്ങനെയുള്ള നാട്ടിൽ സാറിനെപ്പോലെ ഒരാൾക്ക് എന്നെ സഹായിക്കാനാണോ ബുദ്ധിമുട്ട്?"

ഇഗ്‌നേഷ്യസ് ഒന്നും മിണ്ടിയില്ല.

ഒരു സി.ഐ എന്ന പരിഗണന തനിക്കിവിടെ കിട്ടുന്നുണ്ട് എന്ന് അയാൾ ഓർത്തു.

എതിരെ ഒരു ഗാർഡ് നടന്നുവരുന്നതു കണ്ടു.

ഇഗ്‌നേഷ്യസ് അയാളെ കയ്യാട്ടി വിളിച്ചു.

''സാർ..." ഗാർഡ് അടുത്തെത്തി.

''തന്റെ കയ്യിൽ സെൽഫോൺ ഉണ്ടല്ലോ?"

''ഉണ്ട് സാർ..."

''അതൊന്നു താ. ഒരു മിനുട്ട് നേരത്തേക്ക്."

''സാർ..." അയാൾ പരുങ്ങി.

''ഒന്നും സംഭവിക്കിത്തില്ലെടോ. അതല്ലെങ്കിൽ തന്റെ കയ്യിൽ നിന്ന് ഞാനത് തട്ടിപ്പറിച്ചെന്നു പറഞ്ഞോ."

ഇഗ്‌നേഷ്യസ് കൈ നീട്ടി.

ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചിട്ട്, താൻ സി.സി.ടിവി ക്യാമറയുടെ ആംഗിളിലല്ല എന്ന് ഉറപ്പുവരുത്തിയിട്ട് ഗാർഡ് ഫോൺ സി.ഐയ്ക്കു കൈമാറി.

''സാർ സൂക്ഷിക്കണേ... ഞാൻ വരാം."

അയാൾ വന്ന ദിശയിലേക്കു തന്നെ പോയി.

സി.ഐ ഫോൺ സിദ്ധാർത്ഥിനു നൽകി.

''വേഗം വിളിക്കേണ്ടവരെ വിളിക്ക്."

സിദ്ധാർത്ഥ് ഓർമ്മയിൽ നിന്ന് മീറ്റർ ചാണ്ടിയുടെ നമ്പരിലേക്കു വിളിച്ചു.

പെട്ടെന്നു തന്നെ അവനെ ലൈനിൽ കിട്ടി.

''എടാ ഞാനാ... സിദ്ധാർത്ഥ്..."

''ങ്‌ഹേ? നി​നക്ക് ജയി​ലീന്നു വി​ളി​ക്കാൻ കഴി​യുമോ? ഇത് ആരുടെ ഫോണാടാ?

ചാണ്ടി​യുടെ ശബ്ദത്തി​ൽ അത്ഭുതം.

അതൊക്കെ നേരി​ൽ കാണുമ്പോൾ പറയാം. ഇപ്പഴീ​ വി​ളി​ച്ചത് ഒരു പ്രധാന കാര്യം പറയാനാ...

അവൻ ശബ്ദം താഴ്‌ത്തി​ ചാണ്ടി​ക്കു ചി​ല നി​ർദ്ദേശങ്ങൾ നൽകി​.

''ഓക്കേഡാ. അതൊക്കെ ഞങ്ങളേറ്റു."

ചാണ്ടി പറഞ്ഞപ്പോഴേക്കും സിദ്ധാർത്ഥ് ഫോൺ കട്ടു ചെയ്തു. പിന്നെ മാളവികയ്ക്കു ഡയൽ ചെയ്തു. ആ നമ്പരും എങ്ങനെയോ അവന്റെ മനസ്സിൽ പതിഞ്ഞിരുന്നു.

അപ്പുറത്ത് ബെൽ മുഴങ്ങി.

സിദ്ധാർത്ഥിന്റെ നെഞ്ചിടിപ്പിന് ഒരു പ്രത്യേക താളം വന്നു.

ഫോൺ ബല്ലടിച്ചു നിന്നു.

അവനു നിരാശയും സങ്കടവും ഒന്നിച്ചുണ്ടായി. ആ ഭാവങ്ങൾ ഇഗ്‌നേഷ്യസ് ശ്രദ്ധിച്ചിരുന്നു.

രണ്ടാമതും സിദ്ധാർത്ഥ് കോൾ അയച്ചു. ഇത്തവണ മൂന്നാമത്തെ ബെല്ലിന് അറ്റന്റു ചെയ്യപ്പെട്ടു.

''ഹലോ...." കിതപ്പിനിടയിൽ ശബ്ദം. ''ഞാനാ മാളവികേ..."

ആ ശബ്ദം പെട്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

''സിദ്ധുവേട്ടാ..." കാറ്റുപോലെ ഒരു തേങ്ങൽ... ''ഞാൻ കാരണം ജയിലിലായി. അല്ലേ?"

''അതെങ്ങനെ? ഇക്കാര്യത്തിന്റെ പരിധിയിൽ നീ വരുന്നതേയില്ലല്ലോ..."

അവന് അവളോട് അലിവു തോന്നി.

''അല്ലാ... ഒക്കെയും തുടങ്ങിയത് ഞാൻ ഓട്ടോയിൽ കയറിയ ദിവസമാണല്ലോ... ഒന്നു കാണണമെന്നുണ്ടായിരുന്നു. ശബ്ദമെങ്കിലും കേൾക്കാൻ കഴിഞ്ഞല്ലോ... ഞാൻ തുണിയലക്കുകയായിരുന്നു..."

ഒറ്റശ്വാസത്തിൽ എല്ലാം പറയുവാനുള്ള വ്യഗ്രതയിലാണ് അവളെന്ന് സിദ്ധാർത്ഥിനു മനസ്സിലായി.

''എല്ലാം പിന്നെ പറയാം മാളവികേ... കുറച്ചുദിവസങ്ങൾ നീ പുറത്തേക്കൊന്നും പോകണ്ടാ. രാത്രിയിൽ ആരുവന്നു വിളിച്ചാലും വാതിൽ തുറക്കുകയുമരുത്. അത് പറയാനാ വിളിച്ചത്."

''എന്തെങ്കിലും കുഴപ്പമുണ്ടോ ചേട്ടാ?"

''ഉണ്ടെന്നു കരുതിക്കോ."

അകലെ നിന്ന് ഗാർഡ് വരുന്നതു കണ്ടു.

''പിന്നെ..." അവൻ തിടുക്കപ്പെട്ടു. ''ഇത് എന്റെ ഫോണല്ല ഈ നമ്പരിലേക്കു വിളിക്കരുത്."

മറുപടിക്കു കാക്കാതെ സിദ്ധാർത്ഥ് കോൾ മുറിച്ചു.

അടുത്തുവന്ന ഗാർഡിന് അത് മടക്കി നൽകി.

അപ്പോൾ കുറച്ചകലെനിന്ന് ചിലർ സിദ്ധാർത്ഥിനെയും ഇഗ്‌നേഷ്യസിനെയും പകയോടെ നോക്കുകയായിരുന്നു.

(തുടരും)