മെെ കാർ നമ്പർ 2255 അല്ല,​ ടൊയോട്ടയുടെ ഫെൽഫയറിന് ഫാൻസി നമ്പറിട്ട് മോഹൻലാൽ

Tuesday 17 March 2020 4:08 PM IST

ഇന്ത്യയിൽ അവതരിപ്പിച്ച ടൊയോട്ടയുടെ വെൽഫയറിന് ഫാൻസി നമ്പറിട്ട് സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. മാര്‍ച്ച് ആദ്യവാരം സ്വന്തമാക്കിയ ഈ ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷനും പൂര്‍ത്തിയായി. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255-ന് പകരം KL 07 CU 2020 എന്ന നമ്പറാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ആഡംബര സൗകര്യങ്ങളുമായി വെൽഫയർ ഫെബ്രുവരി 26നാണ് ഇന്ത്യൻ വിപണിയിലെത്തിയത്.

ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്.