ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, അവൻ അടുത്തു തന്നെ നായകനാകുമെന്ന് മാത്രമല്ല എനിക്കൊരു ഭീഷണിയുമാകും: ലാലിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പ്രവചനം
സിനിമയ്‌ക്ക് അകത്ത് മാത്രമല്ല പുറത്തും നർമ്മം കൈവിടാത്ത വ്യക്തിയാണ് നടൻ ശ്രീനിവാസൻ. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് ആരെയും കുറിക്കുകൊള്ളുന്ന വിധത്തിൽ വിമർശിക്കാൻ ശ്രീനിവാസനുള്ള കഴിവും പ്രസിദ്ധമാണ്. അത്തരത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചുള്ള ശ്രീനിവാസന്റെ ഒരുപരാമർശം ശ്രദ്ധേയമാവുകയാണ്. ഒരു സ്വകാര്യചാനലിൽ വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒരു ഹാസ്യപരിപാടിയിലായിരുന്നു ശ്രീനിയുടെ മമ്മൂട്ടി- ലാൽ പരാമർശം.
'അന്ന് മമ്മൂട്ടി നായകനായി ഷൈൻ ചെയ്‌ത് നിൽക്കുകയാണ്. മോഹൻലാൽ കുറേ ചിത്രങ്ങളിൽ കൂടി വില്ലനായി തുടർന്നു. അങ്ങനെയിരിക്കെ ഒരുദിവസം മദ്രാസിലെ വുഡ്‌ലാന്റ് ഹോട്ടലിൽ വച്ച് മമ്മൂട്ടി എന്നോട് പറഞ്ഞു, 'ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു'. ഞാൻ ചോദിച്ചു ആരെ? 'ആ മോഹൻലാലില്ലേ, അവനെ തന്നെ. അവൻ അടുത്തുതന്നെ നായകനാകുമെന്ന് മാത്രമല്ല എനിക്കൊരു ഭീഷണിയാവാനും സാധ്യതയുണ്ട്'. മോഹൻലാൽ അന്ന് ഫുൾടൈം വില്ലനാണെന്ന് ഓർക്കണം. ആ സമയത്താണ് മമ്മൂട്ടിയുടെ ദീർഷവീക്ഷണത്തോടെയുള്ള കമന്റ്. അതിന്റെ അർത്ഥമെന്താ? മമ്മൂട്ടി ചില്ലറക്കാരനല്ല'- ശ്രീനിവാസന്റെ വാക്കുകൾ.