ഇനി നായകൻ, ഷൂട്ടിംഗ് അമേരിക്കയിൽ: ഷോ നിന്നുപോയെങ്കിലും ഗുണം മുഴുവനും രജിത് കുമാറിനു തന്നെ

Thursday 19 March 2020 11:57 AM IST

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ കൊണ്ട് ആർക്കെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കിൽ അത് ഡോ. രജിത് കുമാറിന് തന്നെ എന്നു പറയേണ്ടി വരും. സൂപ്പർതാരങ്ങളെ വെല്ലുന്ന ആരാധക വൃന്ദത്തെയാണ് ഈ റിയാലിറ്റി ഷോയിലൂടെ രജിത് കുമാറിന് നേടാനായത്. ഇപ്പോഴിതാ രണ്ട് മലയാള ചിത്രങ്ങളിൽ സുപ്രധാന വേഷവും ഇദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്, അതിൽ ഒന്ന് നായക വേഷവും. അമേരിക്കയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ വിവരങ്ങൾ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.

അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആറ്റിങ്ങൽ സ്വദേശികളായ രഞിത്ത് പിള്ള,​ മുഹമ്മദ് ഷാ എന്നിവർ ചേർന്നാണ്. മലയാളത്തിലെ മുൻനിര താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഇവർ അവകാശപ്പെടുന്നു. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന പവനും സിനിമയുടെ ഭാഗമാകുന്നുണ്ട്.

റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ രജിത് കുമാറിന് ലഭിച്ച സ്വീകരണം ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം സൃഷ്‌ടിച്ചതിന് കഴിഞ്ഞദിവസം രജിത് കുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്‌തു. രജിത്തിനെ സ്വീകരിക്കാനെത്തിയ മറ്റുചിലരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.