ത്രില്ലർ നോവൽ - 'നിഗ്രഹം: 39'
മാളവിക കാതോർത്തു.
തന്റെ വീടിന്റെ ഭാഗത്തേക്കുള്ള കയറ്റം കയറി വരികയാണ് ആ വാഹനം എന്നു തോന്നി.
അതിന്റെ ശബ്ദം നേരിയ തോതിൽ മലമടക്കുകളിൽ പ്രതിധ്വനിക്കുന്നുണ്ട്.
മാളവിക എഴുന്നേറ്റിരുന്നു.
ഉറക്കം എവിടെയോ പോയ്‌മറഞ്ഞിരിക്കുന്നു.
തെല്ലകലെ - അല്ലെങ്കിൽ വീട്ടിലേക്കു തിരിയുന്ന ഭാഗത്ത് വാഹനം നിന്നത് അവൾ മനസ്സിലാക്കി. തുടർന്ന് പതിഞ്ഞ ശബ്ദത്തിൽ ഡോറുകൾ തുറന്നടയുന്നു.
അകാരണമായ ഒരു ഭീതി വീണ്ടും മാളവികയിൽ ഉണ്ടായി.
അവളുടെ ആ ഭയം പക്ഷേ സത്യമായിരുന്നു. റോഡിൽ വന്നുനിന്ന സുമോയിൽ നിന്ന് മൂന്നുപേർ ഇറങ്ങി. ഷാജി ചെങ്ങറ അയച്ച ഗുണ്ടകൾ!
നാലാമൻ, ഏത് നിമിഷവും വണ്ടി എടുക്കേണ്ടതിനാൽ ഡ്രൈവർ സീറ്റിൽത്തന്നെ ഇരുന്നതേയുള്ളു. മറ്റു മൂന്നുപേരും അവിടെ നിന്നുകൊണ്ട് ചുറ്റും നോക്കി.
എവിടെയും കനത്ത ഇരുട്ട്. മാളവികയുടെ വീട് അതുതന്നെയാണെന്ന് ഒന്നുകൂടി ഉറപ്പിച്ചു. പകൽ സമയം ആ വഴി വന്ന് അവർ വീട് 'സ്കെച്ച്' ചെയ്തിരുന്നു.
രണ്ട് വീടുകൾക്ക് അപ്പുറത്ത് ഒരു പട്ടി അവരുടെ ആഗമനം അറിഞ്ഞ് കുരയ്ക്കാൻ തുടങ്ങി.
''സൂക്ഷിക്കണം." ഒരാൾ മറ്റുള്ളവരോട് ഒച്ചതാഴ്‌ത്തി. ''എല്ലാം വളരെ പെട്ടെന്നു നടക്കണം. അവൾക്ക് നിലവിളിക്കാനുള്ള അവസരം കൊടുക്കാതെ ഞാൻ വാ പൊത്തിപ്പിടിക്കും. ആ നേരത്തിനുള്ളിൽ നിങ്ങൾ രണ്ടുപേരും അവളെ പൊക്കിയെടുക്കണം. അവിടെനിന്ന് അവളെ ഈ വണ്ടിയിൽ എത്തിക്കാൻ എടുക്കേണ്ട സമയം മാക്സിമം ഒന്നര മിനിട്ട്. അഥവാ അവൾ ബഹളം വച്ചാൽ പോലും അയൽക്കാർ എഴുന്നേറ്റുവരുംമുമ്പ് നമ്മൾ ഇവിടെ നിന്ന് രക്ഷപ്പെട്ടിരിക്കണം."
മറ്റ് രണ്ടുപേരും മൂളി.
''എങ്കിൽ വാ..."
മൂവരും ഒരേപോലെ മാളവികയുടെ വീടിനു നേർക്കു നടന്നു.
പട്ടിയുടെ കുരയ്ക്കു ഒന്നുകൂടി ശക്തി കൂടി.
അവരുടെ കാൽക്കീഴിൽ റബ്ബർ കരിയിലകൾ ഞെരിഞ്ഞമർന്ന് ശബ്ദമുണ്ടായി.
വീടിനുള്ളിൽ -
മാളവിക ആ കാലടിയൊച്ചകൾ തിരിച്ചറിഞ്ഞു. അവളുടെ ഹൃദയത്തിന് വാൾക്ളോക്കിന്റെ പെൻഡുലത്തിന്റെ ശബ്ദമുണ്ടെന്നു തോന്നി.
അടുത്ത നിമിഷം മുൻവാതിൽ മുട്ടുന്ന ശബ്ദം.
''ആരാ അത്?" ചന്ദ്രിക ചോദിക്കുന്നത് മാളവിക കേട്ടു. പതുക്കെ അവൾ അച്ഛനും അമ്മയും കിടന്നിരുന്ന മുറിയിലെത്തി.
പുറത്തുനിന്ന് മറുപടി കേട്ടില്ല. എന്നാൽ വീണ്ടും വാതിലിൽ മുട്ടുന്നു.
''ആരാണെന്നല്ലേ ചോദിച്ചത്?" ചന്ദ്രികയ്ക്കു ദേഷ്യം വന്നു.
''ഞങ്ങള് സിദ്ധാർത്ഥ് പറഞ്ഞിട്ടു വന്നതാ."
പുറത്ത് പതിഞ്ഞ ഒച്ച.
പിന്നെ ചന്ദ്രിക എന്തെങ്കിലും ചോദിക്കും മുമ്പ് മാളവിക അവരുടെ തോളിൽ കൈവച്ച് കാതിൽ മന്ത്രിച്ചു.
''അമ്മ മിണ്ടണ്ടാ..."
വാതിലിൽ തട്ടുന്നതിന് അല്പം കൂടി ശക്തി കൂടി.
''മാളവിക ഇവിടെയില്ലേ? ഒരു സാധനം അവളെ ഏൽപ്പിക്കാൻ അവൻ, സിദ്ധാർത്ഥ് തന്നു വിട്ടിട്ടുണ്ട്."
''എന്നാൽ ആ സാധനം ഇങ്ങ് തന്നാൽ മതിയെടാ. ഞങ്ങള് പകൽ വെളിച്ചത്തിൽ കൊടുത്തോളാം."
ഒരു ഗർജ്ജനം മാളവികയും ചന്ദ്രികയും കേട്ടു.
അപ്പോൾ പുറത്ത് -
ആ ശബ്ദം കേട്ട് വാതിൽക്കൽ നിന്നിരുന്ന മൂന്നുപേരും നടുങ്ങിത്തിരിഞ്ഞു.
അവർ കണ്ടു, തങ്ങളെ അർധവൃത്താകൃതിയിൽ വളഞ്ഞ് കുറേപ്പേർ.
''ആരാണ് നിങ്ങൾ?"
ഗുണ്ടകളിൽ ഒരാൾ തിരക്കി.
''അത് വഴിയെ മനസ്സിലാകും." ഇരുൾക്കട്ടകളായി അവർ ഗുണ്ടകളുടെ മേൽ ചാടിവീണു.
കുറുവടികൾ ഉയർന്നു താണു.
''അയ്യോ..." അലറിക്കൊണ്ട് അവർ രക്ഷപ്പെടാൻ ഭാവിച്ചു.
പക്ഷേ ആ സംഘത്തിന്റെ വലയത്തിനുള്ളിൽ നിന്നും ഒരടി നീങ്ങാൻ കഴിഞ്ഞില്ല...
കനത്ത പ്രഹരമേറ്റ് അവർ തറയിൽ വീണു.
വീടിനുള്ളിൽ -
''മോളേ..."
ചന്ദ്രിക, മാളവികയെ അള്ളിപ്പിടിച്ചു.
''നീ പുറത്തെ ലൈറ്റൊന്നിട്."
''വേണ്ടമ്മേ..."
മാളവികയുടെ ഉടലിന്റെ വിറയൽ ചന്ദ്രികയും മനസ്സിലാക്കി.
''ആരായിരിക്കും അത്?"
ഇരുളിൽ, എല്ലാം അറിഞ്ഞ് കിടന്നിരുന്ന അച്ഛന്റെ ചോദ്യം.
''അറിയില്ലച്ഛാ... ഏതായാലും രണ്ട് കൂട്ടർ ഉണ്ടെന്നുറപ്പ്. അതിൽ ഒരു കൂട്ടർ നമ്മളെ അപകടപ്പെടുത്താൻ വന്നവരാ..."
മാളവികയുടെ ശബ്ദമടച്ചു.
പുറത്ത് -
ആപത്ത് മനസ്സിലാക്കിയ സുമോയുടെ ഡ്രൈവർ വേഗം അത് വിട്ടുപോകുവാൻ ഭാവിച്ചു.
അപ്പോൾ ഇരുഭാഗത്തെയും മുന്നിലെ ടയറുകളിൽ എന്തോ വന്നു പതിച്ചു.
ഡ്രൈവർ കിടുങ്ങി.
പാമ്പിന്റെ സീൽക്കാരം പോലെ കാറ്റുപോയി.
സുമോയുടെ മുൻഭാഗം തറയിലേക്കമർന്നു.
ഡ്രൈവർ ഇരുവശത്തേക്കും നോക്കി. അവിടെ രണ്ട് ഇരുണ്ട രൂപങ്ങൾ... അവരുടെ കയ്യിൽ പിക്കാസ് പോലെ തോന്നിക്കുന്ന എന്തോ ഉപകരണങ്ങൾ...
(തുടരും)