'സാമൂഹിക ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഏത് താരതമ്പുരാനായാലും ഓർക്കണം': മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
നടൻ മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കൊറോണയുമായി ബന്ധപ്പെട്ട് അശാസ്ത്രീയ സത്യങ്ങൾ പ്രചരിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ലാലിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്. ദിനു വെയിൽ എന്നയാളാണ് പരാതിക്കാരൻ. കേസ് രജിസ്‌റ്റർ ചെയ്‌ത വിവരം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഇയാൾ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. "സ്റ്റാർഡം" എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല.
ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തുന്ന എല്ലാവർക്കുമെതിരെ പരാതികൾ നൽകാൻ ശ്രമിക്കുക എന്നതാണ് വീടുകളിൽ സെൽഫ് കോറന്റയിനിൽ ഇരുന്ന് ചെയ്യാനാവുന്ന ഒരു സാമൂഹിക ഉത്തരവാദിത്തം.'