ലോക്ക് ഡൗൺ കൊണ്ട് നമ്മൾ കൊറോണയെ തോൽപ്പിക്കും, ഐസൊലേഷൻ നടപടികൾ കർശനമായി പാലിച്ചാൽ 89 ശതമാനം രോഗ വ്യാപനം കുറയും: പഠന റിപ്പോർട്ട് പുറത്ത്

Wednesday 25 March 2020 5:55 PM IST

ന്യൂഡൽഹി: ഐസൊലേഷൻ നടപടികൾ കൃത്യമായി പാലിച്ചാൽ 89 ശതമാനത്തോളം കൊറോണ വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ അസോസിയേഷൻ. ചെക്ക്‌പോസ്റ്റുകളിൽ യാത്രക്കാരെ തടഞ്ഞ് കർശന പരിശോധനയ്ക്ക് വിധേയമാക്കിയാൽ മൂന്നാഴ്ചവരെ രോഗവ്യാപനം തടയാൻ സാധിക്കുമെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു.

രോഗവ്യാപനം തടയാൻ സാധിക്കുകയാണെങ്കിൽ ചികിത്സാ രംഗത്ത് കൂടുതൽ ഇടപെടൽ സാദ്ധ്യമാകുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്നാഴ്ചയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ വൈറസിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.

ഇന്ന് മുതലാണ് ഇരുപത്തിയേഴ് സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമുൾപ്പെടെ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. രാജ്യത്ത് നിലവിൽ അഞ്ഞൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി