കൊറോണ : തമിഴ്നാട്ടിൽ ആദ്യ മരണം

Thursday 26 March 2020 12:09 AM IST

നാഗർകോവിൽ : തമിഴ്‌നാട്ടിൽ ആദ്യ കൊറോണ മരണം. മധുര അണ്ണാനഗർ സ്വദേശിയായ 54വയസുകാരനായ കോൺട്രാക്ടർ ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് ജില്ലാ ആരോഗ്യവകുപ്പ് മരണം സ്ഥിരീകരിച്ചത്. പനികാരണം കഴിഞ്ഞ 20ദിവസമായി മധുരയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. കൊറോണയെന്ന സംശയത്തെത്തുടർന്ന്

അവിടെ നിന്ന് മധുര സർക്കാർ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റി. തുടർന്ന് ചെന്നൈയിലെ ലാബിൽ നടത്തിയ രക്തപരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയും

തീവ്ര പരിചരണത്തിലുമായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ സമൂഹ വ്യാപനം നടന്നോയെന്ന സംശയത്തിലായിരുന്നു തമിഴ്നാട് സർക്കാർ. എന്നാൽ, ഇയാൾ തമിഴ്നാട്ടിലെത്തിയ രണ്ട് തായ്‌ലാൻഡ് സ്വദേശികളുമായി സംമ്പർക്കം പുലർത്തിയിരുന്നുവെന്നും ഇവർ ഇപ്പോൾ കൊറോണ ബാധിച്ച് പെരുംന്തുരയിലെ ഐ.ആർ.ടി ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രി സി.വിജയഭാസ്കർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തമിഴ്നാട്ടിൽ ഇതുവരെ 23 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.