മോഹൻലാലിനെ കാണാൻ പോയ ആ യാത്രയിൽ തുടങ്ങി സിനിമാ ജീവിതം: അഞ്ജു അരവിന്ദ്

Wednesday 25 March 2020 11:06 PM IST

മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്ന് നടി അഞ്ജു അരവിന്ദ്. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അദ്വൈതം എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തത് സിനിമാജീവിതത്തിന് തുടക്കമായിരുന്നെന്നും അഞ്ജു പറഞ്ഞു. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലാണ് അഞ്ജു അരവിന്ദ് മനസു തുറന്നത്.

'ലാലേട്ടന്റെ അദ്വൈതം എന്ന സിനിമയുടെ നൂറ്റിപതിനൊന്നാം ദിവസത്തെ ആഘോഷചടങ്ങിന് ഇൻവിറ്റേഷൻ കിട്ടി. അതുവരെ ഒരു ഫിലിം ബാക്ക് ഗ്രൗണ്ടും ഉണ്ടായിരുന്നില്ല. ആകെയുള്ള ബന്ധം വിനീതേട്ടൻ ബന്ധുവാണെന്നുള്ള മാത്രമാണ്. വേറെ ഒരു കണക്ഷനും സിനിമയുമായിട്ടില്ല. അങ്ങനെ പോയി ഒരുപാട് ആർട്ടിസ്‌റ്റുകളെ കണ്ടു, പരിചയപ്പെട്ടു, വർത്തമാനം പറഞ്ഞു. അന്നത്തെ കാലത്ത് കോമ്പയറിംഗോ ഒരുപാട് ചാനലുകളോ ഒന്നുമില്ല. അങ്ങനെ ഞാനാണ് മൊമന്റെൊയൊക്കെ കൊടുത്തത്. അവിടെ വച്ച് ഒരുപാടുപേരെ പരിചയപ്പെട്ടു. തുടർന്നാണ് സുധീഷ് ഹീറോ ആയ ആകാശത്തേക്ക് ഒരു കിളിവാതിൽ എന്ന സിനിമയിൽ നായികയാകുന്നത്. പിന്നീട് സിബി മലയിൽ സാറിന്റെ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ സജീവമായത്'- അഞ്ജുവിന്റെ വാക്കുകൾ.