കൊറോണക്കാലത്ത് പട്ടിണി കിടക്കണ്ട, വാട്‌സാപ്പിൽ മെസേജിടൂ...പച്ചക്കറികൾ വീട്ടിലെത്തും
ആലപ്പുഴ: ലോക്ക് ഡൗണിനെ തുടർന്ന് ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയതോടെ ആലപ്പുഴയിലെയും കൊച്ചിയിലെയും കുടുംബങ്ങൾക്ക് പച്ചക്കറി വിതരണം ഉറപ്പാക്കുകയാണ് മാരാരിക്കുളത്തെയും കഞ്ഞിക്കുഴിയിലെയും ജൈവ പച്ചക്കറി കർഷകർ. വീടുകളിൽ പച്ചക്കറികൾ എത്തിച്ച് നൽകുകയാണ് ഇവർ. ആളുകൾക്ക് വീട്ടിൽ ഇരുന്ന് തന്നെ വാട്ട്സ്ആപ്പ്, വെബ്സൈറ്റ് എന്നിവയിലൂടെ ജൈവ പച്ചക്കറികൾ ഓർഡർ ചെയ്താൽ മതി, സാധനങ്ങൾ വീട്ടിലെത്തും.
കഞ്ഞിക്കുഴിയിലെയും മാരാരിക്കുളത്തെയും ജൈവകർഷകർ, ദേശീയപാത 66 ൽ ചേർത്തലയ്ക്ക് അടുത്ത് കടകൾ നടത്തി വരികയായിരുന്നു. കൊറോണ രോഗബാധയെ തുടർന്ന് കച്ചവടത്തിൽ വൻ കുറവ് ഉണ്ടായി. ഭാഗ്യരാജ് എന്ന ജൈവകർഷകൻ 30 ഏക്കറിലാണ് ജൈവകൃഷി നടത്തിയത്. കൃഷികളുടെ വിളവെടുപ്പ് സമയത്താണ് കൊറോണ രോഗബാധ കാരണം കച്ചവടം കുറഞ്ഞ് തുടങ്ങിയത്.അതോടെയാണ് ഓൺലൈനായി കച്ചവടം നടത്തുന്നതിനെക്കുറിച്ച് തീരുമാനമെടുത്തത്. തുടർന്ന് വാട്ട്സ്ആപ്പ് വഴി ഓർഡറുകൾ ശേഖരിക്കുന്നതിനുള്ള ആശയത്തിലെത്തിയത്.
വാട്ട്സ് ആപ്പ് വില്പനയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ ചേർത്തലയിൽ 60ഓളം കൂടുംബങ്ങൾക്കാണ് ഭാഗ്യരാജ് പച്ചക്കറികൾ എത്തിച്ച് നൽകിയത്. ഓർഡറുകൾ സ്വീകരിക്കുന്നതിന് Veg2home Alappy എന്ന പേരിൽ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങി.കേരളത്തിലെ മികച്ച യുവ കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച സുജിത്തും ഇത്തരത്തിൽ പച്ചക്കറികൾ ആളുകൾക്ക് വീടുകളിൽ എത്തിച്ച് നൽകുന്നുണ്ട്. ചിക്കൻ, താറാവ്, കാട എന്നിവയുടെ ഫാമുള്ളതിനാൽ ഇതും ഓർഡർ അനുസരിച്ച് എത്തിച്ച് നൽകും.
മാരാരിക്കുളത്തെ ജൈവകൃഷിക്കാരനായ നിഷാദ് വി.ആർ ആലപ്പുഴയ്ക്ക് പുറമെ കൊച്ചിയിലെ കുടുംബങ്ങൾക്കും പച്ചക്കറി വിതരണം ചെയ്യുന്നുണ്ട്. ഇന്നലെ കൊച്ചിയിൽ 300 ഓർഡറുകളാണ് ഇവർ എത്തിച്ച് നൽകിയത്. ഉത്പന്നങ്ങൾ ഓർഡർ ചെയ്തുകഴിഞ്ഞാൽ, ഓൺലൈനായി പണമടയ്ക്കണം. ഉത്പന്നങ്ങൾ ഫ്ളാറ്റുകളുടെ സെക്യൂരിറ്റികൾക്ക് കൈമാറും അല്ലെങ്കിൽ പാക്കറ്റുകൾ വീടുകൾക്ക് മുന്നിൽ വച്ചുകൊടുക്കും. നിലവിലെ സാഹചര്യത്തിൽ നേരിട്ട് ഉപഭോക്താക്കളെ കണ്ടുമുട്ടുകയോ ബന്ധപ്പെടുകയോ ചെയ്യേണ്ടെന്നാണ് തീരുമാനം. 'മാരാരിഫ്രെഷ്' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ www.mararifresh.com എന്ന വെബ്സൈറ്റിലൂടെയോ ആളുകൾക്ക് പച്ചക്കറികൾ ഓർഡർ ചെയ്യാൻ കഴിയും.
വില ഇങ്ങനെ (കിലോയ്ക്ക്)
വെള്ളരി- 35 രൂപ
വെണ്ടയ്ക്ക - 60
പാവയ്ക്ക - 70
വാഴപ്പഴം - 40
മത്തങ്ങ- 45
പച്ചമുളക്- 100
വാട്ട്സ്ആപ്പ് നമ്പർ
സുജിത്ത്: 9495929729, ഭാഗ്യരാജ്: 9995564936.