നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്,​ പിന്തുണച്ച് രാഹുൽഗാന്ധി

Thursday 26 March 2020 7:38 PM IST

ന്യൂഡൽഹി: കൊറോണ ഭീഷണിയെത്തുടർന്നുള്ള ലോക്ഡൗൺ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പാക്കേജ്.

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണിന്റെ ആഘാതം നേരിടേണ്ടി വരുന്ന കർഷകരോടും ദിവസക്കൂലിക്കാരോടും തൊഴിലാളികളോടും സ്ത്രീകളോടും പ്രായമായവരോടും ഇന്ത്യക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആരും പട്ടിണി കിടക്കാൻ ഇടവരരുതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാക്കേജ് അവതരിപ്പിച്ചുകൊണ്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.കൊറോണ വൈറസ് പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ആശാവർക്കർമാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. കൊറോണ കാലത്തെ നേരിടുന്നതിനുള്ള ധനസഹായമായി വനിതകളുടെ ജൻധൻ അക്കൗണ്ടുകളിലേക്ക് അടുത്ത മൂന്നു മാസം അഞ്ഞൂറു രൂപ വീതം നൽകുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. വിധവകൾ, പെൻഷൻകാർ, ശാരീരിക വെല്ലുവിളി ഉള്ളവർ എന്നിവർക്ക് ആയിരം രൂപ വീതം നല്‍കും. രണ്ട് ഗഡുക്കളായി ആണ് പണം നല്‍കുകയെന്ന്, സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി അറിയിച്ചു.