ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ 'ചാടിച്ച്' പൊലീസ്: വിവാദമായപ്പോൾ മാപ്പ് പറച്ചിൽ

Thursday 26 March 2020 10:54 PM IST

ലക്നൗ: ​ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പുറത്തിറങ്ങിയ യുവാക്കളെ ആഹേളിക്കുന്ന തരത്തിൽ ശിക്ഷ നടപ്പാക്കിയ യു.പി പോലീസ് ഒടുവില്‍ മാപ്പ് പറഞ്ഞു. റോഡിലിരുന്ന് ഇരു കൈകളും കുത്തി മുന്നോട്ട് പോകാനാണ് പോലീസ് ആവശ്യപ്പെട്ടത്. യു.പിയില്‍ ജോലി തേടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് പോലീസിന്റെ ​‍പ്രാകൃത നടപടിക്ക് ഇരയായത്.

തങ്ങൾ തൊഴില്‍ തേടി എത്തിയതാണെന്ന് ഇവര്‍ പറഞ്ഞുവെങ്കിലും പൊലീസ് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. പോലീസ് നടപടിയുടെ വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. പൊലീസ് നടപടി വിവാദമായതോടെ യു.പി പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നു. വീഡിയോയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പ്രൊബേഷണറി ഓഫീസറാണെന്നാണ് പൊലീസ് വിശദീകരണം.

'ഒരു വര്‍ഷത്തെ ജോലി പരിചയം മാത്രമേ ഉയാള്‍ക്കുള്ളൂ. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ മറ്റ് സ്ഥലങ്ങളിലായിരുന്നു. സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിതെ നടപടി സ്വീകരിക്കും. ഇങ്ങനെ സംഭവിച്ചതില്‍ ലജ്ജിക്കുന്നു. സംഭവത്തില്‍ മാപ്പ് ചോദിക്കുന്നു'-ബദായൂന്‍ എസ്.എസ്.പി എ.കെ ത്രിപാഠി പറഞ്ഞു.