കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ അന്തരിച്ചു
Friday 27 March 2020 9:35 AM IST
കൊച്ചി: പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലറുമായ ഡോ.എ.രാമചന്ദ്രൻ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ട് മണിക്ക് കൊച്ചി രവിപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കുസാറ്റിന്റെ ഇൻഡസ്ട്രീസ് ഫിഷറീസ് സ്‌കൂളിന്റെ ഡയറക്ടറായിരുന്ന ഡോ.രാമചന്ദ്രൻ 2016 ജൂണിലായിരുന്നു കുഫോസിന്റെ വൈസ് ചാൻസലറായി സ്ഥാനമേറ്റത്.
കൊച്ചിയിലെ ആദ്യകാല മേയറും കോൺഗ്രസ് നേതാവുമായിരുന്ന കെ.എസ്.എൻ മേനോന്റെ മകനാണ്. സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡ്വൈസറായും ഫിഷറീസ് സംബന്ധമായ നിരവധി ദേശീയ അന്തർദേശിയ സമതികളിൽ എക്‌സ്‌പെർട്ട് അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. രാജ്യത്തെ സമുദ്രോത്പന്ന ഗവേഷണ മേഖലയിലെ മുൻ നിര ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരുന്നു ഡോ.രാമചന്ദ്രൻ.