കൊറോണ ബാധിച്ച് അമേരിക്കൻ നടൻ മാർക്ക് ബ്ലം അന്തരിച്ചു

Friday 27 March 2020 9:42 AM IST

ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ സിനിമ, ടെലിവിഷൻ, നാടക നടനായ മാർക്ക് ബ്ലം (69) അന്തരിച്ചു. കൊറോണബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 1985ൽ മഡോണ,​ റോസന്ന ആർകെറ്റ് എന്നിവർ അഭിനയിച്ച ' ഡെസ്‌പെററ്റ്‌ലി സീക്കിംഗ് സൂസൻ ' എന്ന ചിത്രത്തിലൂടെയാണ് ബ്ലം പ്രശസ്തനായത്. എച്ച്.ബി.ഒയിൽ ' സക്സെഷൻ', നെറ്റ്ഫ്ലിക്സിൽ 'യു', ആമസോണിൽ 'മൊസാർട്ട് ഇൻ ദ ജംഗിൾ' തുടങ്ങി നിരവധി ടെലിവിഷൻ സീരീസുകളിൽ ശ്രദ്ധേയമായ സഹനട വേഷം അവതരിപ്പിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ നാടക രംഗത്ത് സജീവമായിരുന്നു. 1950ൽ ന്യൂജഴ്സിയിൽ ജനിച്ച ബ്ലം 1970കളിൽ നാടക ലോകത്ത് സജീവമായി. 1983ൽ പുറത്തിറങ്ങിയ 'ലവ്സിക്ക് ' ആണ് ആദ്യ ചിത്രം. 'ലവ് ഈസ് ബ്ലൈൻഡ് ' ( 2019 ) ആണ് അവസാന ചിത്രം. അമേരിക്കൻ നടിയായ ജാനറ്റ് സാരിഷ് ഭാര്യയാണ്.