ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രിയെ ടെലിവിഷനിലൂടെ കണ്ടിരുന്നത് 19 കോടിയിലധികം ജനങ്ങൾ

Friday 27 March 2020 5:42 PM IST

ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അന്നേദിവസം രാത്രി എട്ടുമണിക്ക് മോദിയുടെ പ്രസംഗം 19 കോടിയിലധികം ജനങ്ങളാണ് ടെലിവിഷനിലൂടെ കണ്ടിരുന്നത്. കൃത്യമായി പറഞ്ഞാൽ പത്തൊൻപതു കോടി എഴുപത് ലക്ഷം വ്യൂവേഴ്‌സ്. പ്രസാർഭാരതിയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം നടന്ന ഐ.പി.എൽ ഫൈനലിന് ലഭിച്ച വ്യൂവർഷിപ്പിനേക്കാൾ കൂടുതലാണിത്. 13 കോടി പേർ മാത്രമാണ് അന്ന് ഐ.പി.എൽ മത്സരം കണ്ടത്. ദൂരദർശനടക്കം ഇരുന്നൂറിലേറെ ചാനലുകളാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ലൈവ് ടെലികാസ്‌റ്റിംഗ് നൽകിയത്.

സോഷ്യൽ മീഡിയയിലെ കണക്കു നോക്കുകയാണെങ്കിൽ ദൂരദർശൻ, രാജ്യസഭാ ടിവി എന്നിവയുടെ യൂട്യൂബ് ചാനലുകൾ വഴി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കണ്ടത് 50 ലക്ഷത്തിലധികം പേരാണ്.