കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയുടെ ചാവേർ സംഘം

Friday 27 March 2020 6:48 PM IST

ന്യൂഡൽഹി : കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമിച്ച നാലംഗ ഭീകരസംഘത്തിന് നേതൃത്വം നൽകിയത് മലയാളിയെന്ന് റിപ്പോർട്ട്. കാസർകോഡ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിനാണ് ചാവേർ സംഘത്തെ നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ആക്രമണം നടത്തിയ ആളുടെ ചിത്രം ഐസിസ് പുറത്തുവിട്ടതോടെയാണ് ഇയാളെക്കുറിച്ച് സൂചന ലഭിച്ചത്.

ഇതിന് പിന്നാലെ മുഹ്സിന്റഎ വീട്ടിലെത്തി കേന്ദ്ര അന്വേഷണ സംഘം കാര്യങ്ങൾ സ്ഥിരീകരിച്ചു. തൃക്കരിപ്പൂർ സ്വദേശിയായ ഇയാൾ പയ്യന്നൂരേക്ക് താമസം മാറ്റിയിരുന്നു. 2017-18 കാലം മുതൽ മുഹ്സിനെ കാണാനില്ല . ഐ എസ് ആശയങ്ങളിൽ ആകൃഷ്ടനായ ഇയാൾ ദുബായിൽ നിന്നും കാബൂളിലെത്തിയതായാണ് കേന്ദ്ര ഏജൻസികൾ നൽകുന്ന സൂചന. ഐസിസിൽ ചേർന്നതിന് ശേഷം മുഹ്സിന്റ പേര് അബു ഖാലിദ് അൽഹിന്ദി എന്നാക്കി മാറ്റിയിട്ടുണ്ട്. ഇയാൾ ആഖ്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം..

ഐസിസിന്റഎ ഔദ്യോഗിക മാദ്ധ്യമം എന്ന് വിശേഷിക്കപ്പെടുന്ന അമേഖ് ഏജൻസിയാണ് ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്. അബു ഖാലിദ് അൽഹിന്ദിയുടെ നേതൃത്വത്തിലെ സംഘമാണ് കാബൂളിലെ ഗുരുദ്വാരയ്ക്കു നേരെ ആക്രമണം നടത്തിയതെന്ന് അവർ വ്യക്തമാക്കി. ഇന്ത്യയിൽ മുസ്ലീംങ്ങളുടെ നേർക്ക് നടക്കുന്ന അതിക്രമങ്ങൾക്ക് പകരം വീട്ടാനാണ് ഈ അക്രമം നടത്തിയതെന്ന് എന്നും സന്ദേശത്തിൽ പറയുന്നു. മുഹ്സിനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് വാട്സാപ് സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് കാബൂളിലെ സിഖ് ഗുരുദ്വാരയിൽ ചാവേർ ആക്രമണം ഉണ്ടായത്. ഇതിൽ 25 ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു.