ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ

Saturday 28 March 2020 1:16 AM IST

ലണ്ടൻ:ബ്രിട്ടനിൽ ചാൾസ് രാജകുമാരന് പിന്നാലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്നു ബോറിസ് സ്വയം കാറന്റൈനിൽ ആണ്.

വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം കൊറോണ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ട്വിറ്റർ വീഡിയോയിൽ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എനിക്ക് ചെറുതായി ചില ലക്ഷണങ്ങൾ അനുഭവപ്പെട്ടു. കൊറോണ പരിശോധനാഫലം പോസിറ്റീവ് ആയി. ഇപ്പോൾ ഞാൻ സ്വയം നിരീക്ഷണത്തിലാണ്. എന്നാൽ കൊറോണയ്ക്കെതിരെയുള്ള സർക്കാർ പോരാട്ടങ്ങളെ വീഡിയോ കോൺഫറൻസിലൂടെ നയിക്കും - ജോൺസൻ വീഡിയോയിൽ പറഞ്ഞു.

മുൻപ് ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈൻ ഡോറസിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ചാൾസ് രാജകുമാരന് ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. ഒരു കൊട്ടാരജീവനക്കാരനും കൊറോണ സ്ഥിരീകരിച്ചിരുന്നു.

എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാം പാലസിൽ നിന്ന് വിൻഡ്സർ കാസിലിലേക്ക് മാറ്റിയിട്ടുണ്ട്.

ബ്രിട്ടനിൽ 11,658 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 578 പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ ലോകത്ത് ഒൻപതാം സ്ഥാനമാണ് ബ്രിട്ടന്. ബക്കിംഗ്ഹാം പാലസിലും ബ്രിട്ടീഷ് പാർലമെന്റിലും കൊറോണ എത്തിയതോടെ കടുത്ത ആശങ്കയിലാണ് ജനങ്ങൾ.