ആശങ്കയേറുന്നു, അമേരിക്കയിൽ കൊറോണ ബാധിച്ച് നവജാത ശിശു മരിച്ചു
വാഷിംഗ്ടൺ: കൊറോണ ബാധിച്ച നവജാത ശിശു മരണത്തിന് കീഴടങ്ങി. അമേരിക്കയിലെ ഇല്ലിനോയിസിലാണ് പിഞ്ചുകുഞ്ഞിന്റെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ ബാധിച്ച് മരിച്ചവരിൽ നവജാത ശിശുവുമുണ്ടെന്ന് ഗവർണർ ജെ.ബി പ്രിറ്റ്സ്‌കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുട്ടിയുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നെന്ന് ജെ ബി പ്രിറ്റ്സ്‌കർ പറഞ്ഞു. അതേസമയം, കുട്ടിക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നുവെന്നും, കഴിഞ്ഞ 24 മണിക്കൂറായി നിരീക്ഷണത്തിലായിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണ ബാധിച്ച് ഇവിടെ മരിക്കുന്ന ആദ്യ നവജാത ശിശുവാണിതെന്നും അധികൃതർ വ്യക്തമാക്കി.
കൊറോണ ബാധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറര ലക്ഷത്തോളം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഒന്നര ലക്ഷത്തോളം രോഗികൾ അമേരിക്കയിലാണ്. ഇന്നലെ മാത്രം 515 പേരാണ് അമേരിക്കയിൽ മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ രണ്ടായിരം കടന്നു.