കൂട്ടം കൂടുന്നവരെയും കറങ്ങി നടക്കുന്നവരെയും പിടിക്കാൻ പൊലീസ് മാത്രമല്ല ഡ്രോണും ഇറങ്ങുന്നു

Sunday 29 March 2020 11:39 AM IST

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടം കൂടുന്നവരെയും അനാവശ്യമായി കറങ്ങി നടക്കുന്നവരെയും കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം തുടരും. പേരൂർക്കട, കന്റോൺമെന്റ് പ്രദേശത്താണ് ഇന്ന് നിരീക്ഷണം. കഴിഞ്ഞദിവസം പൂന്തുറ, വലിയതുറ ഭാഗങ്ങളിൽ നിന്ന് ഡ്രോൺ ശേഖരിച്ച ദൃശ്യങ്ങൾ പരിശോധിച്ച് നടപടികൾക്കായി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകി.

ദൃശ്യങ്ങളിൽ ഒന്നിലധികം തവണ കാണപ്പെടുന്ന ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവ തിരിച്ചറിഞ്ഞ് അവ പിടികൂടാനും നിയമ നടപടികൾ കൈക്കൊള്ളാനുമുള്ള ശ്രമങ്ങൾ ഇന്ന് മുതൽ തുടങ്ങും. റോഡരികിലും പ്രധാന ജംഗ്ഷനുകളിലും പൊലീസ് നടപടികൾ ഭയന്ന് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവായിട്ടുണ്ട്. സമ്പൂർണ ലോക്ക് ഡൗണിന്റെ ആറാം ദിവസമായ ഇന്ന് മുൻ ദിവസങ്ങളേക്കാൾ റോഡിലിറങ്ങുന്നവരുടെ എണ്ണം വളരെ കുറവാണ്. എല്ലാ ജില്ലകളിലും പൊലീസ് പരിശോധന രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ പൊലീസിന്റെ പെരുമാറ്റവും നടപടികളും അതിരുവിടുന്നത് നിയന്ത്രിക്കുന്നതിനും ജനങ്ങളുമായി നേരിട്ടുളള സമ്പർക്കം ഒഴിവാക്കി രോഗ പ്രതിരോധം ഉറപ്പാക്കുന്നതിനുമാണ് ഡ്രോൺ കാമറകളുൾപ്പെടെ നൂതന സംവിധാനങ്ങളുടെ സഹായം തേടുന്നത്.

പൊലീസിന്റെ കണ്ണിൽപ്പെടാത്ത സ്ഥലങ്ങളിൽ കൂട്ടം കൂടുന്നതും ചീട്ടുകളി പോലുള്ള കളികളിൽ ഏർപ്പെടുന്നതും സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരക്കാരെ കുടുക്കാൻ ഡ്രോൺ പരീക്ഷിക്കാൻ തീരുമാനിച്ചത്. ടെറസിലും അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ പിന്നാമ്പുറത്തും ഇത്തരത്തിൽ കൂട്ടം കൂടിയിരിക്കുന്നവരെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് പൊക്കാനാണ് പൊലീസിന്റെ പദ്ധതി. തീരപ്രദേശങ്ങളിൽ ആളുകൾ ഇപ്പോഴും നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടുന്നതായി പലസ്ഥലങ്ങളിൽ നിന്നും സൂചനകളുണ്ട്. ഇത്തരക്കാരെ നിരീക്ഷിക്കാനും വരും ദിവസങ്ങളിൽ ഡ്രോൺ ഉപയോഗപ്പെടുത്തും.. നിയമം ലംഘിക്കാനിറങ്ങുന്നവരെ നിയമപരമായി തന്നെ നേരിടാനാണ് പൊലീസിന്റെ നീക്കം.