ഇന്ത്യയെ അഭിനന്ദിച്ച് ലോകാരാേഗ്യ സംഘടന
ന്യൂഡൽഹി : കൊറോണയിൽ ഇന്ത്യയിലെ പ്രതിരോധ സംവിധാനങ്ങളെ അഭിനന്ദിച്ച് വീണ്ടും ലോകാരോഗ്യ സംഘടന. കൊറോണക്കെതിരെ മികച്ച പ്രതിരോധമാണ് ഇന്ത്യ ഒരുക്കിയത്. ജനുവരി 30ന് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് മുൻപേ ഇന്ത്യ സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു. വിമാന യാത്രക്കാരുടെ പരിശോധന കർശനമാക്കിയതിനു പിന്നാലെ വിസ റദ്ദാക്കുകയും രാജ്യാന്തര വിമാനസർവീസുകൾ നിരോധിക്കുകയും ചെയ്തു. മറ്റേതൊരു രാജ്യത്തേക്കാളും മുമ്പേ ഇന്ത്യ ഇതു നടപ്പിലാക്കി.
2020 ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയതെങ്കിലും ജനുവരി 18 മുതൽ തന്നെ ചൈനയിൽ നിന്നുമെത്തുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. കൊറോണ ഏറ്റവും അധികം നാശമുണ്ടാക്കിയ ഇറ്റലിയും സ്‌പെയിനും രോഗബാധ റിപ്പോർട്ട് ചെയ്ത് 25 മുതൽ 39 ദിവസത്തിനു ശേഷമാണ് യാത്രക്കാരെ പരിശോധിച്ചു തുടങ്ങിയത്. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവരെയും വിമാനത്താവളങ്ങളിൽ എത്തുന്നവരെയും കൂടുതൽ പരിശോധിക്കുക, വീസ റദ്ദാക്കുക, സ്വയം ക്വാറന്റൈനിൽ നിർദേശിക്കുക തുടങ്ങി രോഗം പടരുന്നതു തടയാൻ ഫലപ്രദമായ പല നടപടികളും കേന്ദ്ര സർക്കാർ കൈക്കൊണ്ടു.