ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തോടടുക്കുന്നു, 25 മരണം: അതിഥി തൊഴിലാളികള്‍ക്ക് അവശ്യ സേവനം ഒരുക്കണമെന്ന് കേന്ദ്രം

Sunday 29 March 2020 3:18 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വെെറസ് ബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു. 25 പേരാണ് കൊറോണ രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്. 979 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മഹാരാഷ്ട്രയിൽ ഏഴ് പേർ മരിച്ചു. ഗുജറാത്തിലും ജമ്മു കാശ്മീരിലും കൊറോണ ബാധിച്ച് ഒരാള്‍ വീതം മരിച്ചു. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. 61 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ ആറ് പേരും മദ്ധ്യപ്രദേശിൽ രണ്ട് പേരും മരിച്ചു. കർണാടക-3,​ ഗുജറാത്ത്-4 ഡൽഹി-2 എന്നിങ്ങനെയാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ച മാത്രം 29 പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം -182, തെലങ്കാന-67,കര്‍ണാടക- 76 എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിരീകരിച്ച കേസുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പുതുക്കാത്തതിനാല്‍ രോഗബാധിതര്‍ ഇപ്പോഴും 918 ആയാണ് കാണിക്കുന്നത്. കേരളത്തിലെ ആദ്യത്തെ കൊറോണ മരണവും ഈ കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ല.

21 ദിവസമാണ് കേന്ദ്രം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും അധികം നേരിടുന്ന വെല്ലുവിളി കുടിയേറ്റ തൊഴിലാളികളുടെ അതാത് ദേശങ്ങളിലേക്കുള്ള കൂട്ടപ്പലായനമാണ്. രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡല്‍ഹിയില്‍നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ വീടുകളിലേക്ക് തിരിക്കാന്‍ തെരുവികളിലേക്കിറങ്ങി. വീടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഡല്‍ഹി സർക്കാര്‍ 1000 ബസ്സുകള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അതിഥി തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണം, മരുന്ന് സൗകര്യങ്ങള്‍ എത്തിക്കാന്‍ അതാത് സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

അതേസമയം,​ രാജ്യത്ത് കൊറോണ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണ്ടെത്തൽ ആശ്വാസകരമായി. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഇതു സമൂഹവ്യാപനമല്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യു.പിയിലും ചെന്നൈയിലു വിദേശയാത്ര നടത്തിയവരുമായി സമ്പര്‍ക്കത്തിലില്ലാത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതു സമൂഹവ്യാപനമല്ലെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.

ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക് കൊറോണ പോസിറ്റീവ് റിസൾട്ട് വരാന്‍ സാദ്ധ്യതയുണ്ടെന്നും അവർ അറിയിച്ചു. കൊറോണ എറ്റവും കൂടുതല്‍ നാശം വിതച്ച 64 രാജ്യങ്ങള്‍ക്കായി 274 മില്യൻ ഡോളര്‍ സാമ്പത്തിക സഹായമായി നല്‍കുമെന്ന് യു.എസ് പ്രഖ്യാപിച്ചു. ഇതില്‍ ഏതാണ്ട് 2.9 മില്യൻ ഡോളര്‍ ഇന്ത്യയ്ക്കു ലഭിക്കും.