കൊറോണയിൽ വിറയ്ക്കുന്ന അമേരിക്കയ്ക്ക് ഭീഷണിയായി ചുഴലിക്കാറ്റും,ആർക്കാൻസസിൽ ആറു പേർക്ക് പരിക്ക്
ലിറ്റിൽ റോക്ക്: അമേരിക്കയിലെ ആർക്കാൻസസ് സംസ്ഥാനത്തെ ജോൺസ്ബോറോയിൽ ചുഴലിക്കാറ്റ്. ആറു പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ശക്തമായ കാറ്റ് വീശിയടിച്ചത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് വരെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കൊറോണ ബാധയെ തുടർന്ന് പുറത്തിറങ്ങുന്നതിന് വിലക്കുണ്ടെങ്കിലും പലരും ഇത് ലംഘിക്കുന്നുണ്ടായിരുന്നു.
ലോക്ക്ഡൗണായതിനാൽ അവശ്യസാധനങ്ങൾ വില്ക്കുന്നവ ഒഴിച്ച് മറ്റ് കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ചുഴലിക്കാറ്റ് ആർക്കാൻസാസിൽ നിന്നും ഐയവാ സംസ്ഥാനത്തേക്ക് നീങ്ങിയിട്ടുണ്ടെങ്കിലും ശക്തി കുറഞ്ഞിട്ടുണ്ട്. കൊറോണ പ്രതിരോധങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ആർക്കാൻസസിൽ ചുഴലിക്കാറ്റ് നാശനഷ്‌ടങ്ങൾ വരുത്തിയിരിക്കുന്നത്. കൊറോണയെ തുടർന്ന് 5 പേർ ഇതേവരെ ആർക്കാൻസസിൽ മരിച്ചു. 400 ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു.